ടോക്കിയോ: ബോക്സിംഗിൽ ഇന്ത്യൻ പ്രതീക്ഷയുണർത്തി സതീഷ്കുമാറിന്റെ മുന്നേറ്റം. ജമൈക്കയുടെ റിക്കാർഡോ ബ്രൗണിനെ 4-1ന് ഇടിച്ചിട്ടാണ് സതീഷ് കുമാർ ക്വാർട്ടറിലേക്ക് പ്രവേശിച്ചത്. വനിതാ താരങ്ങളായ ലവ്ലീനയ്ക്കും പൂജയ്ക്കും പിന്നാലെയാണ് പുരുഷ വിഭാഗത്തിൽ സതീഷും മികച്ച നേട്ടം ഉണ്ടാക്കിയത്.
പുരുഷന്മാരുടെ 91 കിലോഗ്രാം സൂപ്പർ ഹെവിവെയ്റ്റ് വിഭാഗത്തിലാണ് സതീഷ് കുമാർ ക്വാർട്ടറിൽ എത്തിയത്. വരുന്ന ഞായറാഴ്ച ഉസ്ബെകിസ്താന്റെ ബാക്കോദീർ ജാലോലോവാണ് ക്വാർട്ടറിലെ എതിരാളി. പ്രീക്വാർട്ടറിൽ അസർബയ്ജാന്റെ മുഹമ്മദ് അബ്ദുല്ലായേവിനെ 5-0ന് തകർത്താണ് ഉസ്ബെക് താരം ക്വാർട്ടറിൽ കടന്നത്.















