ന്യൂയോർക്ക് : സ്വാതന്ത്ര്യദിനത്തിൽ ടൈംസ് സ്ക്വയറിൽ അമേരിക്കയിലെ ഇന്ത്യൻ ജനത ത്രിവർണ പതാക ഉയർത്തും. ന്യൂയോർക്ക്, ന്യൂ ജേഴ്സി, കണക്റ്റിക്കട്ട് എന്നിവിടങ്ങളിലെ ഇന്ത്യൻ ഫെഡറേഷൻ അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. ഒരു ദിവസം നീണ്ടു നിൽക്കുന്ന സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ടൈംസ് സ്ക്വയറിൽ ഇന്ത്യൻ പതാക ഉയർത്തുന്നതിലൂടെ തുടക്കമാകുമെന്നും അസോസിയേഷൻ അറിയിച്ചു.
10 അടി ഉയരത്തിലുള്ള പതാകയാകും ഇക്കുറി ഉയർത്തുക. അമേരിക്കയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ രന്ദിർ ജയ്സ്വാളാണ് പതാക ഉയർത്തി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കുന്നത്. 24 മണിക്കൂർ നേരവും പതാക പ്രദർശിപ്പിക്കും. ഇതിന് പുറമേ എംപയർ സ്റ്റേറ്റ് ബിൽഡിംഗ് വിവിധ വർണങ്ങളിലുള്ള ലൈറ്റുകൾ ഉപയോഗിച്ച് അലങ്കരിക്കും.
അമേരിക്കയിലെ ഉന്നത ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തോടെയാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. ഒരു ദിവസം നീണ്ടു നിൽക്കുന്ന സ്വാതന്ത്ര്യദിന ആഘോഷ പരിപാടികൾ ഹഡ്സൺ നദീ തീരത്ത് രാത്രി നടക്കുന്ന ഔദ്യോഗിക പരിപാടികളോടെ സമാപനമാകും. ഇന്ത്യൻ അമേരിക്കൻ കായിക താരമായ അഭിമന്യു മിശ്രയെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ ആദരിക്കും.
ഇത് രണ്ടാം തവണയാണ് സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി ടൈംസ് സ്ക്വയറിൽ ത്രിവർണ പതാക ഉയർത്തുന്നത്. കഴിഞ്ഞ വർഷമാണ് ആദ്യമായി ഇവിടെ പതാക ഉയർത്തിയത്. ഈ സംസ്കാരം വരും വർഷങ്ങളിലും തുടരുമെന്ന് ഫെഡറേഷൻ വ്യക്തമാക്കി.
Comments