ഭുവനേശ്വർ: കടിച്ച പാമ്പിനെ കൊണ്ട് വിഷമിറക്കിക്കുക എന്നതുപോലെ കടിച്ച പാമ്പിനെ തിരിച്ചു കടിച്ചാലോ? രാത്രി വീട്ടിലേക്ക് നടന്നുവരുന്ന വഴിയെ കാലിൽ പാമ്പുകടിച്ചപ്പോൾ അതിനെ പിടികൂടി തിരിച്ചു കടിച്ച് പ്രതികാരം തീർത്തിരിക്കുകയാണ് ഒഡീഷ സ്വദേശിയായ 45കാരൻ.
ജജ്പൂർ ജില്ലയിലെ ഗംഭരിപടിയ ഗ്രാമത്തിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. പാടശേഖരത്തിലെ ജോലി കഴിഞ്ഞ് വരികയായിരുന്നു കിഷോർ ബദ്ര. അപ്പോഴാണ് കാലിൽ പാമ്പ് കടിച്ച വിവരം അറിഞ്ഞത്. കടിച്ചത് വിഷപാമ്പാണെന്ന് തോന്നിയ കിഷോർ അതിനെ പിടികൂടി തിരിച്ചുകടിക്കാൻ തുടങ്ങി. വടിയെടുത്ത് തല്ലാമായിരുന്നിട്ടും അയാൾ തുടർച്ചയായി കടിച്ചുകൊണ്ടിരുന്നു. പാമ്പിന് അനക്കമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം വീട്ടിലേക്ക് മടങ്ങി. താൻ കടിച്ചുകൊന്ന പാമ്പിനെയും കയ്യിൽ തൂക്കിയായിരുന്നു അയാളുടെ വരവ്. സംഭവകഥയറിഞ്ഞ വീട്ടുകാരും പ്രദേശവാസികളും ഉടൻ തന്നെ ആശുപത്രിയിൽ പോകാൻ പറഞ്ഞെങ്കിലും അയാൾ വിസമ്മതിച്ചു. പകരം സമീപത്തെ പരമ്പരാഗത വൈദ്യൻ നിർദേശിച്ചുതന്ന മരുന്ന് കഴിച്ചു.
ഇയാളെ കടിച്ചത് വിഷമില്ലാത്ത പാമ്പാണെന്നാണ് നിഗമനം. വിഷം ഉപയോഗിക്കാത്ത ഡ്രൈ ബൈറ്റാകാനും സാദ്ധ്യയുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. എന്തായാലും പാമ്പ് കടിച്ചാലും പാമ്പിനെ കടിച്ചാലും നിലവിൽ കിഷോർ സുരക്ഷിതനാണ്. ഗ്രാമങ്ങളിൽ ഇത്തരം സംഭവങ്ങൾ പതിവാണെങ്കിലും കിഷോർ ബദ്രയെപോലെ പിന്നീട് ജീവിച്ചിരിക്കുന്നവർ വിരളമാണ്.
Comments