ദുബായ്: ടി20 ലോകകപ്പ് ക്രിക്കറ്റിന്റെ മത്സരക്രമം പുറത്തുവിട്ട് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ഏവരും കാത്തിരിക്കുന്ന ഇന്ത്യ പാകിസ്താൻ പോരാട്ടം ഓക്ടോബർ 24ന് നടക്കും. ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുന്നത്. 2019ലെ ലോകകപ്പിന് ശേഷം ആദ്യമായാണ് ഇന്ത്യ-പാകിസ്താൻ പോരാട്ടം നടക്കുന്നത്.
ഒക്ടോബർ 17നാണ് ഐ.സി.സി ടി20 ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ഉദ്ഘാടന മത്സരം. ഗ്രൂപ്പ് ബിയിലെ ഒന്നാം റൗണ്ട് മത്സരമാണ് ആദ്യം നടക്കുന്നത്. ഒമാനിൽ നടക്കുന്ന മത്സര ത്തിൽ ആതിഥേയരെ പാപ്പുവ ന്യൂഗിനിയാണ് നേരിടുന്നത്. അന്നു തന്നെ ബംഗ്ലാദേശ് സ്കോട്ലാന്റ് മത്സരവും നടക്കും. നവംബർ 10,11 തീയതികളിലാണ് സെമിഫൈനലുകൾ. കലാശപോരാട്ടം നവംബർ 14ന് ദുബായിലാണ് നടക്കുക.
ടീമുകളെല്ലാം ഗ്രൂപ്പ് ഒന്നിലും രണ്ടിലുമായിട്ടാണ് അണിനിരക്കുന്നത്. ഗ്രൂപ്പ് ഒന്നിൽ ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, വെസ്റ്റിൻഡീസ് എന്നിവരും ഗ്രൂപ്പ് രണ്ടിൽ ഇന്ത്യ, പാകിസ്താൻ, അഫ്ഗാനിസ്താൻ, ന്യൂസിലാന്റ് എന്നീ ടീമുകളുമാണുള്ളത്. ഇവർക്കൊപ്പമാണ് യോഗ്യതാ റൗണ്ടിൽ ജയിക്കുന്ന രണ്ടു ടീമുകൾ വീതം കൂടിച്ചേരു്ന്നത്. സൂപ്പർ 12ലേക്ക് യോഗ്യത നേടാൻ ശ്രീലങ്ക, ബംഗ്ലാദേശ്,അയർലന്റ്, ഒമാൻ, പാപ്പുവാ ന്യൂഗിനി, നെതർലാന്റ്സ്, അയർലന്റ്, നമീബിയ എന്നീ ടീമുകളാണ് മത്സരിക്കേണ്ടത്.















