ന്യൂഡൽഹി: നിരവധി ടീസറുകൾക്ക് ശേഷം, സിബി200എക്സ് പുറത്തിറക്കി ഹോണ്ട 2 വീലേഴ്സ്. 1.44 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. ഈ മോഡൽ ഹോർനെറ്റ് 2.0 അടിസ്ഥാനമാക്കിയുള്ളതാണ്.
ബൈക്കിനെ കൂടുതൽ സുഖകരമാക്കാൻ, ഹോണ്ട സിബി200എക്‌സിന് ഉയരമുള്ള വൈസറും ഉയർത്തിയ ഹാൻഡിലുകളും നക്കിൾ ഗാർഡുകളും നൽകിയിട്ടുണ്ട്. നക്കിൾ ഗാർഡുകൾക്ക് സംയോജിത എൽഇഡി ടേൺ ഇൻഡിക്കേറ്ററുകളാണുള്ളത്.
പേൾ നൈറ്റ്സ്റ്റാർ ബ്ലാക്ക്, മാറ്റ് സെലീൻ സിൽവർ മെറ്റാലിക്, സ്പോർട്സ് റെഡ് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളുമായി ലഭ്യമാകുന്ന ഈ അഡ്വഞ്ചർ ടൂററിന് 17-ഇഞ്ച് അലോയ് വീലുകളാണ് നൽകിയിട്ടുള്ളത് .
ഹോർനെറ്റ് 2.0ൽ കാണുന്ന അതേ 184.4 സിസി ബിഎസ്6 എഞ്ചിനാണ് സിബി200എക്സിൽ ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ 8500 ആർപിഎമ്മിൽ 16.3 ബിഎച്ച്പി പവറും 6000 ആർപിഎമ്മിൽ 15.5 എൻഎം കുറഞ്ഞ ടോർക്കുമാണുള്ളത്. മുൻവശത്ത് രണ്ട് പിസ്റ്റൺ നിസിൻ കാലിപറോടുകൂടിയ 276 മില്ലിമീറ്റർ ഡിസ്‌കും, സിംഗിൾ പിസ്റ്റൺ കാലിപ്പറുമായി 220 മില്ലിമീറ്റർ ഡിസ്‌കും ബ്രേക്കിംഗ് ചുമതലകൾ കൈകാര്യം ചെയ്യുന്നു. 167 മില്ലിമീറ്റർ ഗ്രൗണ്ട് ക്ലിയറൻസ് ഹോർനെറ്റ് 2.0വിലെ പോലെ മാറ്റമില്ലാതെ തുടരുന്നു
സിബി200എക്സിന് പൂർണ്ണ ഡിജിറ്റൽ എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ലഭിക്കുന്നു. റൈഡർ എയ്ഡുകളുടെ കാര്യത്തിൽ സിംഗിൾ-ചാനൽ എബിഎസ്, ഹസാർഡ് സ്വിച്ച് തുടങ്ങിയ സവിശേഷതകളുണ്ട്.
‘ഹോണ്ടയുടെ ഐതിഹാസിക സിബി പാരമ്പര്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു പുതിയ മോട്ടോർസൈക്കിൾ അവതരിപ്പിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. റൈഡർമാരെ ആവേശം കൊള്ളിക്കുന്നതിനായി നിർമ്മിച്ച സിബി200എക്സ് അവരുടെ ദൈനംദിന നഗര റൈഡുകൾക്കും നഗരപരിധിക്കപ്പുറമുള്ള വിനോദങ്ങൾക്കും ഒരു മികച്ച റൈഡിംഗ് പാർട്ട്ണറെ വാഗ്ദാനം ചെയ്യുന്നു’ എന്ന് ഹോണ്ട മോട്ടോർസൈക്കിൾ & സ്‌കൂട്ടർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ, പ്രസിഡന്റ് & സിഇഒ അറ്റ്സുഷി ഒഗത പറഞ്ഞു.















