പട്ന: രക്ഷാബന്ധൻ ദിവസമായ ഇന്ന് പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയെ ഓർമ്മിപ്പിച്ചുകൊണ്ട് ബീഹാർ മുഖ്യമന്ത്രി നിതിഷ് കുമാർ മരങ്ങളെ രാഖിയണിയിച്ചു.
ജനങ്ങൾ മുൻകൈയെടുത്ത് വൃക്ഷങ്ങൾ നടുമ്പോൾ ആരോഗ്യമുള്ള പ്രകൃതിയെ നമുക്ക് വാർത്തെടുക്കുവാൻ സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വരും തലമുറ പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത അറിഞ്ഞിരിക്കണം. മനുഷ്യൻ സഹജീവികളെ സംരക്ഷിക്കുന്നത് പോലെ തന്നെ മരങ്ങളെയും സംരക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബീഹാറിൽ 2012 മുതൽ രക്ഷാബന്ധൻ ദിനം ‘വൃക്ഷ് രക്ഷാ ദിവസ്’ ആയാണ് കണക്കാകുന്നത്. മരങ്ങളുടെ ആവശ്യകതയെയും അവയെ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യത്തെയും ഓർമ്മിപ്പിക്കുന്ന ദിനമാണ് ഇത്. ജൽ ജീവൻ ഹരിയാലി പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് വിവധ ഇനം മരങ്ങൾ നട്ടുവരുന്നു.
ശ്രാവണമാസത്തിലെ, പൗർണമിദിനത്തിലാണ് രക്ഷാബന്ധൻ ആഘോഷിക്കുന്നത്. സാഹോദര്യ സ്നേഹത്തിന്റെ പവിത്രത എടുത്ത് കാണിക്കുന്നതാണ് ഈ ഉത്സവത്തിന്റെ പ്രത്യേകത. സഹോദരി സഹോദരന്റെ കൈകളിൽ രാഖിയണിയിക്കുന്നതാണ് ഈ ദിവസത്തെ പ്രധാന ചടങ്ങ്.
Comments