ടോക്കിയോ: പാരാലിമ്പിക്‌സിൽ സ്വർണ്ണനേട്ടത്തിനരികെ ഇന്ത്യൻ താരം. ടേബിൾ ടെന്നീസിൽ ഭാവിന പട്ടേലാണ് ഫൈനലിലേക്ക് കടന്നത്. ചൈനയുടെ സാംഗ് മിയാവോവിനെ 3-2ന് തോൽപ്പിച്ചാണ് ഭാവിന ഫൈനലിൽ സ്ഥാനം പിടിച്ചത്.
ആദ്യ ഗെയിം 11-7ന് കൈവിട്ട ശേഷമാണ് ഇന്ത്യൻ താരം ശക്തമായി തിരികെവന്നത്. രണ്ടാം ഗെയിം 11-7ന് തിരികെ പിടിച്ച ഭാവിന 11-4ന് മൂന്നാം ഗെയിമും സ്വന്തമാക്കി. നാലാം ഗെയിമിൽ 11-9ന് ചൈനീസ് താരം തിരികെ എത്തിയെങ്കിലും അഞ്ചാം ഗെയിം 11-9ന് നേടി ഭാവിന ഫൈനൽ ഉറപ്പിച്ചു. കലാശപപോരാട്ടത്തിലെ എതിരാളി ആരെന്ന് തീരുമാനം ആയിട്ടില്ല.
34കാരിയായ ഗുജറാത്ത് സ്വദേശിനി ഇത്തവണ സെർബിയയുടെ ലോക രണ്ടാം നമ്പർ താരം ബോരിസ്ലാവ് പെരികിനെ എതിരില്ലാത്ത 3 ഗെയിമുകൾക്ക് തകർത്താണ് സെമിയിൽ കടന്നത്. ടേബിൾ ടെന്നീസ് ചരിത്രത്തിൽ ലോകകായികവേദിയിൽ ഫൈനലിലെത്തുന്ന ആദ്യതാരമായി ഭാവിന മാറി.പാരാലിമ്പിക്‌സിലും ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ താരം ടേബിൾ ടെന്നീസിന്റെ ഫൈനലിൽ എത്തുന്നത്.















