മുംബൈ: ഫോഴ്‌സ് മോട്ടോഴ്‌സിന്റെ 2021 ഗൂർഖ ഓഫ്-റോഡ് എസ്യുവി രാജ്യത്ത് ഉടൻ അവതരിപ്പിക്കാൻ തയ്യാറെടുക്കുന്നു. പൂനെ ആസ്ഥാനമായുള്ള വാഹനനിർമ്മാതാക്കൾ ഗൂർഖയുടെ ചില വിശദാംശങ്ങൾ ഉൾപ്പെടുത്തിയ പുതിയ ടീസർ പുറത്തു വിട്ടു. വാഹനപ്രേമികൾ കാത്തിരിക്കുന്ന ഗൂർഖ, മഹീന്ദ്ര ഥാറിന് എതിരാളിയാകുമെന്നാണ് ടീസറുകൾ സൂചിപ്പിക്കുന്നത്. 2020 ഓട്ടോ എക്‌സ്‌പോയിൽ എസ്യുവിയുടെ പ്രീ-പ്രൊഡക്ഷൻ പതിപ്പ് പുറത്തു വിട്ടിരുന്നു.
മുൻഗാമിയേക്കാൾ മികച്ച രീതിയിലായിരിക്കും പുതിയ ഫോഴ്‌സ് ഗൂർഖ അവതരിപ്പിക്കുന്നത്. പുതുതായി പുറത്തിറക്കിയ ടീസറുകളിൽ കാണുന്നത് പോലെ, ഗൂർഖയ്‌ക്ക് പുനർരൂപകൽപ്പന ചെയ്ത ബോണറ്റും, ഫെൻഡറിൽ പുതുതായി രൂപകൽപ്പന ചെയ്ത ഷാർക്ക് ഗില്ലും, എയർ ഇൻടേക്ക് സ്‌നോർക്കലും ലഭിക്കും. വരാനിരിക്കുന്ന ഈ എസ്യുവിയിൽ വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്ലാമ്പുകളും, ഇതിനുചുറ്റിലുമുള്ള ഡി.ആർ.എൽ, മെഴ്സിഡസ് ജിവാഗണിന് സമാനമായി ബോണറ്റിൽ സ്ഥാനം പിടിച്ചിരിക്കുന്ന ഇന്റിക്കേറ്റർ, പുതിയ ബ്ലാക്ക് ക്ലാഡിംഗ്, റിയർ-ഡോർ മൗണ്ടഡ് സ്‌പെയർ വീൽ, എന്നിവ എക്സ്റ്റീരിയറിലെ പുതുമകളാണ്.
ടച്ച് സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പുതിയ ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, സ്‌റ്റൈലിഷായി ഒരുങ്ങിയ ഡാഷ്ബോർഡ്, ക്രോമിയം ബ്ലാക്ക് റിങ്ങ് നൽകിയ റൗണ്ട് എ.സി.വെന്റുകൾ, ഡിജിറ്റൽ സ്‌ക്രീൻ, മുൻ മോഡലിനു സമാനമായ സ്റ്റിയറിങ്ങ് വീൽ, പവർ വിൻഡോകൾ, എബിഎസ്, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, എന്നിവയാണ് ഇന്റീരിയറിൽ ലഭിക്കുന്നത്.
മെക്കാനിക്കലിലേക്ക് വരുമ്പോൾ, ഗൂർഖയ്‌ക്ക് മെർസിഡീസ് ബെൻസ് അടിസ്ഥാനമായ 2.6 ലിറ്റർ ഡീസൽ എഞ്ചിൻ ലഭിക്കും. ഈ ബിഎസ് 6 മോട്ടോർ 89 എച്ച്പി കരുത്തും 260 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും. കൂടാതെ, 5 സ്പീഡ് മാന്വൽ ഗിയർബോക്സ് എൻജിനുമായി ചേർത്തുവെച്ചിട്ടുണ്ട്.















