ലണ്ടൻ: ബ്രക്‌സിറ്റും കൊറോണയും തീർത്ത പ്രതിസന്ധികളിൽ ജീവിതമാകെ തകിടം മറിഞ്ഞ അവസ്ഥയിലാണ് ബ്രിട്ടീഷുകാർ. ബ്രിട്ടനിലെ ഭൂരിഭാഗം സൂപ്പർമാർക്കറ്റുകളിലും ആവശ്യസാധനങ്ങൾ പോലും ലഭിക്കാത്ത അവസ്ഥയാണ് ഇപ്പോൾ. പാലും വെള്ളവും വാങ്ങുന്നതിന് വരെ നിരവധി കടകൾ കയറിയിറങ്ങേണ്ട അവസ്ഥയാണ് യുകെയിൽ.
യുകെയുടെ ദയനീയ അവസ്ഥ പ്രകടമാക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ബ്രിട്ടൻ ഭക്ഷ്യ ക്ഷാമം നേരിട്ടു കൊണ്ടിരിക്കുകയാണ്.ആഗോളതലത്തിൽ കൊറോണ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട് അതിന് പുറമെ ബ്രക്‌സിറ്റും യുകെയ്‌ക്ക് ഇരുട്ടടിയായി മാറിയെന്നാണ് റിപ്പോർട്ട്.

47 വർഷത്തെ ബന്ധത്തിന് ശേഷമാണ് ബ്രിട്ടൺ യൂറോപ്യൻ യൂണിയനുമായുള്ള ബന്ധം അവസാനിപ്പിക്കുന്നത്.ബ്രക്‌സിറ്റിന് പിന്നാലെ യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളാണ് ബ്രിട്ടനിലെ പ്രതിസന്ധി രൂക്ഷമാക്കിയത്.
യൂറോപ്യൻ യൂണിയനുമായുള്ള ബ്രിട്ടന്റെ വ്യാപാര ഉടമ്പടികളാണ് ഇപ്പോഴുള്ള പ്രതിസന്ധിക്ക് മറ്റൊരു പ്രധാന കാരണം.സ്ഥാപനങ്ങളിലേക്ക് ആവശ്യമായ ജോലിക്കാരുടെ ക്ഷാമം ബ്രിട്ടന്റെ സാമ്പത്തിക വ്യവസ്ഥയെ തന്നെ തകിടം മറിച്ചു.വരും ദിവസങ്ങളിൽ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാവുമെന്ന് സാമ്പത്തിക വിദഗ്ധർ ഇതിനോടകം തന്നെ മുന്നറിയിപ്പ് നൽകി കഴിഞ്ഞു.















