മെക്‌സിക്കോ: കണ്ടുപിടുത്തങ്ങളിലൂടെ വിഖ്യാതരായ ആൽബർട്ട് ഐൻസ്റ്റീനെയും സ്റ്റീഫൻ ഹോക്കിങ്ങിനെയും കടത്തിവെട്ടി പത്തു വയസുകാരി. മെക്‌സിക്കോയിൽ താരമായി മാറിയിരിക്കുകയാണ് അഡാര പെരെസ് എന്ന കൊച്ചുമിടുക്കി.
ഐൻസ്റ്റീനും ഹോക്കിങ്ങിനും 160 ആണ് ഐക്യു ലെവൽ. അതേസമയം 162ആണ് അഡാരയുടെ ഐക്യു. മൂന്നാം വയസിൽ ആസ്പർജേഴ്‌സ് സിൻഡ്രോം എന്ന രോഗം ഉണ്ടെന്ന് കണ്ടെത്തിയ നാൾ മുതൽ അഡാര മറ്റുള്ളവർക്ക് മുൻപിൽ സുഖമില്ലാത്ത കുട്ടിയായി. അവഗണനയും കളിയാക്കലുകളും കുറ്റപ്പെടുത്തലുകളും അവളെ കടുത്ത വിഷാദത്തിലേക്ക് തള്ളിവിട്ടു.
തോറ്റ് പിൻവാങ്ങുവാൻ തയ്യാറല്ലായിരുന്ന അഡാരയുടെ അമ്മ നല്ലെലി സാഞ്ചസ് അവളെ മനോരോഗ വിദഗ്ധന് സമീപം കൊണ്ട് പോവുകയായിരുന്നു. അവിടം മുതൽക്കാണ് അഡാരയുടെ ജീവിതം മാറി മറയുന്നത്. അഡാരയുടെ ഐക്യു ലെവൽ തിരിച്ചറിഞ്ഞ ഡോക്ടർ അവളെ ടാലന്റ് കെയറിലേക്ക് പറഞ്ഞയച്ചു. അഡാരയെ പോലെ നിരവധി പ്രത്യേകതകൾ ഉളള കുട്ടികളുമായുള്ള ഇടപെടൽ അവളെ കൂടുതൽ ഉയർച്ചയിലേക്ക് നയിച്ചു.
എട്ടാം വയസിൽ തന്നെ ഹൈസ്‌കൂൾ വിദ്യാഭ്യാസം നേടിയ അഡാര, ഡു നോട്ട് ഗിവ് അപ്പ് എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ്. ഫോർബസ് മെക്‌സിക്കോ തിരഞ്ഞെടുത്ത ശക്തരായ 100 സ്ത്രീകളിൽ ഒരാളാണ് അഡാര. യുഎസിലെ അരിസോണ സർവ്വകലാശാലയിലെ പ്രവേശനപരീക്ഷയ്‌ക്കായി ഇംഗ്ലീഷ് സ്വായത്തമാക്കുകയാണ് അഡാരയിപ്പോൾ.
മെക്‌സികോയിലെ ത്വലാക്കെന്ന ചേരി പ്രദേശത്ത് ജീവിക്കുന്ന അഡാര ഇപ്പോഴേ ബഹിരാകാശം കീഴടക്കുന്നതും ചൊവ്വയിൽ താമസമുറപ്പിക്കുന്നതും സ്വപ്‌നം കാണുകയാണ്.















