അടിമാലി: ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച ലോറി വഴിതെറ്റി നിയന്ത്രണം വിട്ട് മറിഞ്ഞ് വാഹനത്തിന്റെ ക്ലീനർ മരിച്ചു. എറണാകുളം കറുകുറ്റി സ്വദേശി സുബ്രൻ(51) ആണ് മരിച്ചത്. ഡ്രൈവറും വാഹനത്തിന്റെ ഉടമയുമായ നെടുവേലിൽ ഡേവിഡ്(42) പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ ഒൻപതരയോടെയാണ് സംഭവം. രാജാക്കാട്ട് ആരംഭിക്കുന്ന പുതിയ സ്ഥാപനത്തിലേക്ക് യന്ത്രസാമഗ്രികൾ കൊണ്ടുപോവുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. വഴി കൃത്യമായി അറിയാത്തത് കൊണ്ട് ഗൂഗിൾ മാപ്പ് നോക്കിയാണ് ലോറി ഓടിച്ചത്.
അടിമാലിയിൽ നിന്ന് കല്ലാർകുട്ടി- വെള്ളത്തൂവൽ വഴിയാണ് രാജാക്കാട്ടേക്കു ദൂരം കുറഞ്ഞതും പ്രധാനപ്പെട്ടതുമായ റോഡ്. എന്നാൽ ഗൂഗിൾ മാപ്പ് കാണിച്ചത് മൂന്നാർ രണ്ടാം മൈലിൽ എത്തിയ ശേഷം തട്ടാത്തിമുക്ക്, ആനച്ചാൽ വഴിയുള്ള റോഡാണ്. ഇതുവഴി വരുമ്പോൾ തട്ടാത്തിമുക്കിന് സമീപമാണ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തിൽ സുബ്രൻ പുറത്തേക്ക് തെറിച്ചുവീണു. ഡ്രൈവറെ നാട്ടുകാർ ചേർന്ന് പുറത്തെടുത്തു. ഇരുവരേയും ഉടൻ തന്നെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധ ചികിത്സക്കായി കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് സുബ്രൻ മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
Comments