കാബൂൾ: വനിതാ ക്രിക്കറ്റിനെ പിന്തുണയ്ക്കുമെന്ന് അറിയിച്ച് അഫ്ഗാൻ ക്രിക്കറ്റ് ബോർഡ്(എസിബി) ചെയർമാർ അസീസുള്ള ഫസ്ലി. ക്രിക്കറ്റുമായി ബന്ധപ്പെട്ട യാതൊരു തീരുമാനവും പുതിയ സർക്കാർ അറിയിച്ചിട്ടില്ല. അഫ്ഗാനുമായുള്ള ടെസ്റ്റ് മത്സരത്തിൽ നിന്നും പിന്മാറിയതിൽ ഓസ്ട്രേലിയയുമായി ചർച്ച നടത്തിയെന്നും ഇക്കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്നും അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു. അഫ്ഗാനിസ്താന്റെ സ്ത്രീകളോടുള്ള വിവേചനത്തെ തുടർന്ന് നേരത്തെ ഓസ്ട്രേലിയ അഫ്ഗാനുമായുള്ള ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും പിന്മാറിയിരുന്നു.
വനിതകളുടെ ക്രിക്കറ്റ് മത്സരത്തെ താലിബാൻ എതിർത്തിരുന്നു. പിന്നാലെയാണ് താലിബാന്റെ നടപടിയിൽ പ്രതിഷേധിച്ച് ഓസ്ട്രേലിയ മത്സരത്തിൽ നിന്നും പിന്മാറിയത്. നവംബർ 27നായിരുന്നു ഹോബാർട്ടിലെ ബ്ലണ്ട്സ്റ്റോൺ അരീനയിൽവെച്ച് അഫ്ഗാനിസ്താൻ-ഓസ്ട്രേലിയ മത്സരം നടക്കേണ്ടത്. ഓസ്ട്രേലിയ വനിതാ ക്രിക്കറ്റ് മത്സരത്തിന് വലിയ പ്രാധാന്യം നൽകുന്നുവെന്നും ആഗോള തലത്തിൽ വനിതാ ക്രിക്കറ്റ് മത്സരത്തിന് വികസനം വേണമെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. പിന്നാലെയാണ് ഇക്കാര്യത്തിൽ വിശദീകരണവുമായി എസിബി എത്തിയത്.
അഫ്ഗാനിസ്താലെ താലിബാൻ ഭരണകൂടം കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്നും സ്ത്രീകളെ വിലക്കിയിരുന്നു. ശരീര ഭാഗങ്ങൾ പ്രദർശിപ്പിക്കുന്ന കായിക മത്സരത്തിൽ സ്ത്രീകളെ പങ്കെടുപ്പിക്കുന്നതിൽ നിന്നും വിലക്കുമെന്നാണ് താലിബാൻ കൾച്ചറൽ കമ്മീഷൻ ഡപ്യൂട്ടി തലവൻ അൽഹം ദുലില്ല വാസിഖി അറിയിച്ചത്. ക്രിക്കറ്റ് മത്സരം ഇസ്ലാം മതവിശ്വാസികളായ സ്ത്രീകൾക്ക് നല്ലതല്ലെന്നാണ് വാസിഖി പറഞ്ഞത്. ഇത്തരത്തിൽ താലിബാൻ വക്താക്കളിൽ നിന്നുള്ള പ്രസ്താവനകൾക്ക് പിന്നാലെയാണ് ഓസ്ട്രേലിയ അഫ്ഗാനുമായുള്ള ക്രിക്കറ്റ് മത്സരത്തിൽ നിന്നും പിന്മാറിയത്.
Comments