പ്രകൃതിയോട് ഇണങ്ങി നില്ക്കുന്ന വീടുകളില്‍ താമസിക്കാന്‍ ആര്‍ക്കാണ് ആഗ്രഹമില്ലാത്തത്. അത്തരത്തില്‍ ‘ദി ലോഡ് ഓഫ് റിങ്സ്’ സീരീസിലുള്ള സിനിമയിലെ ഹോബിറ്റുകളുടെ കുഞ്ഞന്‍ വീടുകളെ പോലുളള ഒരു വീട് നിര്‍മിച്ച് അതില്‍ താസിച്ച് സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് നാഗാലാന്‍ഡിലെ അസാഖോ ചേസ് എന്ന യുവാവ്. ഏഷ്യയിലെ തന്നെ ആദ്യത്തെ ഹരിത ഗ്രാമമായ ഖോണാമയില് കാടിന് നടുവിലാണ് അസാഖോയുടെ ഈ വീട് സ്ഥിതി ചെയ്യുന്നത്. ഈ കുഞ്ഞന്‍ വീട് സഞ്ചാരികള്‍ക്കിടയില്‍ വന്‍ ഹിറ്റായി മാറിക്കഴിഞ്ഞു. ഈ കുഞ്ഞന്‍ വീട് സഞ്ചാരികള്‍ക്കായി തുറന്ന് കൊടുക്കാനുള്ള ഒരുക്കത്തിലാണ് അസാഖോ ഇപ്പോള്‍.
പതിനാലടി വീതിയും പത്തടി ഉയരവുമാണ് ഈ കുഞ്ഞന്‍ വീടിനുള്ളത്. ഏകദേശം രണ്ട് മാസം കൊണ്ടാണ് അസാഖോ ഈ വീടിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഓവല്‍ ആകൃതിയിലാണ് വീടിന്റെ ജനലും വാതിലുകളും നിര്‍മിച്ചിട്ടുള്ളത്. ലോഡ് ഓഫ് റിങ്സ് സിനിമകളുടെ ആരാധകനാണ് അസാഖോ. എന്നാല്‍ സിനിമയിലെ പോലെ ഹോബിറ്റ് ഹോള്‍വീട് നിര്‍മിക്കാന്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല എന്നാണ് അസാഖോ പറയുന്നത്. തനിക്ക് താമസിക്കാനായി കാടിന് നടുവില്‍ നിര്‍മിച്ച ഈ വീട് സമൂഹ മാദ്ധ്യമങ്ങളിലും സഞ്ചാര പ്രേമികള്‍ക്കിടയിലും വൈറലാകുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ലെന്നും അസാഖോ വ്യക്തമാക്കി.
സുഹൃത്തുക്കളുടെ സഹായത്തോടെ ആല്‍ഡര്‍ മരം ഉപയോഗിച്ചാണ് അസാഖോ വീട് നിര്‍മിച്ചത്. അസാഖോയുടെ കുഞ്ഞന്‍ വീട്ടില്‍ ഒരു സമയം അഞ്ച് മുതല്‍ ഏഴ് പേര്‍ക്ക് വരെ താമസിക്കാനാകും. അതിഥികള്‍ക്ക് പാചകം ചെയ്യാനുള്ള സൗകര്യവും കുഞ്ഞന്‍ വീട്ടിലെ അടുക്കളയില്‍ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ, വെള്ളവും വൈദ്യുതിയും പാശ്ചാത്യ രീതിയിലുള്ള ടോയ്ലറ്റും ഇവിടെയുണ്ട്. വീടിനോട് അടുത്ത് തന്നെ ഒരു ആരോഗ്യ സംരക്ഷണ കേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ട്.
Comments