കൊച്ചി: ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിൽ ഇഡി അന്വേഷണം പ്രഖ്യാപിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയിൽ അപ്പീൽ നൽകി. ചന്ദ്രികയുടെ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചിട്ടില്ലെന്നും തന്റെ ഭാഗം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവ് എന്നും ആരോപിച്ചാണ് ഹർജി.
കഴിഞ്ഞവർഷം ഓഗസ്റ്റിൽ സിംഗിൾബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നും ഹർജിക്കാരൻ ആരോപിച്ചിട്ടുണ്ട്. കള്ളപ്പണക്കേസിൽ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ ഇബ്രാഹിംകുഞ്ഞിന് എൻഫോഴ്സ്മെന്റ് നോട്ടീസ് നൽകിയിരുന്നു. ഇക്കഴിഞ്ഞ 16 ന് ഹാജരാകാൻ ആയിരുന്നു നിർദ്ദേശം. ഇതിനിടയിലാണ് അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്.
അപ്പീലിൽ തീർപ്പ് ഉണ്ടാകുന്നതുവരെ സിംഗിൾ ബെഞ്ച് ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള എല്ലാ തുടർ നടപടികളും സ്റ്റേ ചെയ്യണമെന്നും ഇബ്രാഹിംകുഞ്ഞ് ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി തിങ്കളാഴ്ച ഹൈക്കോടതി ഡിവിഷൻബെഞ്ച് പരിഗണിച്ചേക്കും.
Comments