മുംബൈ: വാഹനപ്രേമികളുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് ടൈഗൺ ഔദ്യോഗികമായി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ് ജർമ്മൻ വാഹന നിർമ്മാതാക്കളായ ഫോക്‌സ്‌വാഗൺ. 10.49 ലക്ഷം മുതലാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില.
കംഫർട്ട്‌ലൈൻ, ഹൈലൈൻ, ടോപ്പ്‌ലൈൻ, ജിറ്റി, ജിറ്റി പ്ലസ് എന്നിങ്ങനെ അഞ്ച് വെരിയന്റിലാണ് വാഹനം പുറത്തിറക്കിയിരിക്കുന്നത്. ജിറ്റി ലൈൻ വെരിയന്റിന് 14.99 മുതൽ 17.49 ലക്ഷം വരെയാണ് എക്‌സ് ഷോറൂം വില. ഇന്ത്യൻ ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം, ഇന്ത്യയിൽ നിർമ്മിച്ച വാഹനമാണ് ടൈഗൺ എന്നാണ് കമ്പനി അവകാശപ്പെടുന്നത്. അടുത്തിടെ പുറത്തിറക്കിയ സ്‌കോഡ കുഷാഖിന്റെ അതേ പ്ലാറ്റ്‌ഫോമിലാണ് ടൈഗൺ നിർമ്മിച്ചിട്ടുള്ളത്.
കുർക്കുമ യെല്ലോ, വൈൽഡ് ചെറി റെഡ്, കാർബൺ സ്റ്റീൽ ഗ്രേ, കാൻഡി വൈറ്റ്, റിഫ്‌ലെക്‌സ് സിൽവർ എന്നീ കളർ ഓപ്ഷനുകളാണ് വാഹനത്തിനുള്ളത്. 2019 ലെ ഓട്ടോ എക്‌സ്‌പോയിലാണ് ടൈഗൺ ലോകത്ത് ആദ്യമായി അവതരിപ്പിച്ചത്. വാഹനത്തിനായുള്ള പ്രീ ബുക്കിംഗ് കഴിഞ്ഞ മാസം തന്നെ നിർമ്മാതാക്കൾ ആരംഭിച്ചിരുന്നു.
1.0 ലിറ്റർ, 1.5 ലിറ്റർ തുടങ്ങിയ രണ്ട് ടിഎസ്‌ഐ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാണ് വാഹനം അവതരിപ്പിച്ചിരിക്കുന്നത്. പുതുതലമുറയെ ആകർഷിക്കാൻ യുവത്വം തുളുമ്പുന്ന എക്സ്റ്റീരിയറാണ് ടൈഗണിനുള്ളത്. 17നും 16നും ഇഞ്ചുള്ള അലോയി വീലുകളും, എൽഇഡി ഹെഡ്‌ലൈറ്റും, ഡിആർഎൽ യുണിറ്റും വാഹനത്തിന്റെ പുറം ഭാഗം അലങ്കരിക്കുന്നു.
10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്പ്ലേ, ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, സമ്പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ ഉൾക്കൊള്ളുന്ന കറുപ്പും ചാരനിറവുമുള്ള ഡ്യുവൽ-ടോൺ ക്യാബിനാണ് ടൈഗണിനുള്ളത്. വയർലെസ് ആപ്പിൾ കാർപ്ലേ/ആൻഡ്രോയിഡ് ഓട്ടോ, വയർലെസ് ചാർജർ, ഇലക്ട്രിക് സൺറൂഫ്, റിയർ എസി വെന്റുകൾ തുടങ്ങിയ ഫീച്ചറുകളും ഫോക്‌സ്‌വാഗൺ വാഗ്ദാനം ചെയ്യുന്നു. സുരക്ഷയുടെ കാര്യത്തിലും ഒട്ടും പിന്നിലല്ല ഈ മോഡൽ, എല്ലാ യാത്രക്കാർക്കും 3-പോയിന്റ് സീറ്റ് ബെൽറ്റുകൾ, റിയർ പാർക്കിംഗ് ക്യാമറ, എബിഎസ്, ആറ് എയർബാഗുകൾ എന്നിവയും ലഭ്യമാണ്.
എസ്‌യുവി ശ്രേണിയിലെ വമ്പന്മാരായ ഹ്യൂണ്ടായ് ക്രെറ്റയ്ക്കും, കിയ സെൽറ്റോസിനും, ടാറ്റ ഹാരിയറിനും, എംജി ഹെക്ടറിനും എല്ലാം ശക്തനായ എതിരാളിയായിരിക്കും ടൈഗൺ എന്നാണ് വാഹനപ്രേമികൾ വിലയിരുത്തുന്നത്.















