വാഷിംഗ്ടൺ: മെക്സിക്കോയിൽ നടന്ന വെടിവെപ്പിൽ ഹിമാചൽപ്രദേശിൽ നിന്നുള്ള ട്രാവൽ ബ്ലോഗർ കൊല്ലപ്പെട്ടു. മെക്സിക്കോയിലെ ടലൂമിൽ കരീബിയൻ തീരദേശ റിസോർട്ടിൽ രണ്ട് മയക്കുമരുന്ന് സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിലാണ് ഇന്ത്യൻ വംശജ കൊല്ലപ്പെട്ടത്. വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടതായി പ്രാദേശിക മാദ്ധ്യമങ്ങൾ അറിയിച്ചിരുന്നു. അതിൽ ഒരാൾ കാലിഫോർണിയയിൽ നിന്നുള്ള ഇന്ത്യൻ വംശജയായിരുന്നു.
പിറന്നാൾ ആഘോഷിക്കാനാണ് ഇരുപത്തിയഞ്ചുകാരിയായ അജ്ഞലി റയോട്ട് ടലൂമിലെ തീരദേശ റിസോർട്ടിൽ എത്തിയത്. സീനിയർ സൈറ്റ് റിലയബിലിറ്റി എഞ്ചിനിയറാണ് കൊല്ലപ്പെട്ട അജ്ഞലി.
കഴിഞ്ഞ ദിവസമാണ് അജ്ഞലി പിറന്നാൾ ആഘോഷിക്കാൻ മെക്സിക്കോയിൽ എത്തിയത്. നാല് വിദേശി സുഹൃത്തുക്കളുമൊത്ത് ലാ മാൽക്വറിഡ എന്ന റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ ഇരിക്കുകയായിരുന്നു അജ്ഞലി. ആ സമയത്താണ് രണ്ട് മയക്കുമരുന്ന് സംഘങ്ങൾക്കിടയിൽ സംഘർഷമുണ്ടാകുന്നത്. ഇത് പിന്നീട് വെടിപ്പിൽ കലാശിക്കുകയായിരുന്നു. വെടിവെപ്പിൽ അജ്ഞലിയും ജർമനിയിൽ നിന്നുള്ള സ്ത്രീയും കൊല്ലപ്പെട്ടു. കൂടെയുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്ക് പരിക്കേറ്റതായി പ്രാദേശിക മാദ്ധ്യമങ്ങൾ അറിയിച്ചു.
അജ്ഞലിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് ഇവർ ഹിമാചലിൽ നിന്നുള്ള ട്രാവൽ ബ്ലോഗറാണെന്ന് കണ്ടെത്തിയത്. കാലിഫോർണിയയിലെ സാൻ ജോസിലാണ് അജ്ഞലി താമസിക്കുന്നത്.
Comments