മഥുര: റിക്ഷ വലിച്ച് ഉപജീവനം നടത്തുന്ന ആൾക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. മൂന്ന് കോടി രൂപയിലധികം രൂപ ഉടൻ അടയ്‌ക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. യുപി മഥുരയിലെ അമർ കോളനി നിവാസിയായ പ്രതാപ് സിംഗിനാണ് നോട്ടീസ് ലഭിച്ചത്.
അക്കൗണ്ടുളള ബാങ്കിൽ നിന്ന് ആവശ്യപ്പെട്ടത് അനുസരിച്ച് കഴിഞ്ഞ മാർച്ചിൽ പ്രതാപ് സിംഗ് പാൻ കാർഡിന് അപേക്ഷ നൽകിയിരുന്നു. ബകൽപൂരിലെ ജൻ സുവിധാ കേന്ദ്രയിലാണ് അപേക്ഷ നൽകിയത്. കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ ബകൽപൂരിൽ നിന്നുളള സഞ്ജയ് സിംഗ് എന്നയാൾ പാൻ കാർഡിന്റെ കളർ ഫോട്ടോകോപ്പി കൊണ്ടു കൊടുത്ത് മടങ്ങി.
അക്ഷരാഭ്യാസമില്ലാത്തതിനാൽ യഥാർത്ഥ പാൻ കാർഡാണോ ലഭിച്ചതെന്ന് മനസിലാക്കാനും കഴിഞ്ഞില്ല. ഈ മാസം 19 നാണ് ആദായനികുതി വകുപ്പിന്റെ ഓഫീസിൽ നിന്ന് വിളിച്ച് 3,47,54,896 കോടി രൂപ അടയ്‌ക്കണമെന്ന് ആവശ്യപ്പെടുന്നത്. ഇതിന് പിന്നാലെ നോട്ടീസും ലഭിച്ചു.
പ്രതാപ് സിംഗ് എന്ന പേരിൽ ഈ രേഖകൾ ഉപയോഗിച്ച് ആരോ ജിഎസ്ടി നമ്പർ സ്വന്തമാക്കുകയും ബിസിനസ് നടത്തുകയും ചെയ്യുന്നുണ്ടെന്നാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ഇയാൾക്ക് 43 കോടി രൂപയിലധികം ടേൺ ഓവർ ഉണ്ടായതായും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു.
സംഭവത്തിൽ തട്ടിപ്പ് ഉൾപ്പെടെ ആരോപിച്ച് പ്രതാപ് സിംഗ് ഹൈവേ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി. സംഭവം പരിശോധിച്ച് വരികയാണെന്ന് സ്‌റ്റേഷൻ ഹൗസ് ഓഫീസർ അനൂജ് കുമാർ അറിയിച്ചു. നിലവിൽ കേസ് എടുത്തിട്ടില്ല. എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ച ശേഷം നടപടി സ്വീകരിക്കാനാണ് പോലീസിന്റെ തീരുമാനം.















