ശ്രീനഗർ: കശ്മീരിലെ റോഡുകൾക്കും സ്കൂളുകൾക്കും ധീരസൈനികരുടെയും സാഹിത്യകാരൻമാരുടെയും പേരുകൾ നൽകാനുളള പട്ടിക തയ്യാറാക്കി ഭരണകൂടം. 108 പേരുടെ പേരുകളാണ് നൽകുക. സ്കൂളുകൾ ഉൾപ്പെടെയുളള പൊതു സ്ഥാപനങ്ങൾക്കും റോഡുകൾക്കും ഉൾപ്പെടെ പേരുമാറ്റം ഉണ്ടാകും.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായിട്ടാണ് നടപടി. തീവ്രവാദികളുമായുളള പോരാട്ടത്തിൽ വീരമൃത്യു വരിച്ച സൈനികരുടെയും ധീരതയ്ക്കുളള പുരസ്കാരങ്ങൾ വാങ്ങിയ സൈനികരുടെയും പ്രമുഖ സാഹിത്യകാരൻമാരുടെയും കലാകാരൻമാരുടെയും പേരുകളുമാണ് നൽകുക.
പട്ടികയിലെ പേരുകളിൽ ഭൂരിഭാഗവും പോലീസുകാരുടെയും സൈനികരുടെയുമാണ്. സാഹിത്യ അക്കാദമി അവാർഡുകൾ നേടിയ പ്രതിഭകളുടെ പേരുകളും ഉണ്ട്. കഴിഞ്ഞ ദിവസം ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുടെ നേതൃത്വത്തിൽ ചേർന്ന ഭരണ കൗൺസിൽ പേര് മാറ്റത്തിനുളള നിർദ്ദേശം അംഗീകരിച്ചു.
കുപ് വാരയിൽ നുഴഞ്ഞുകയറ്റക്കാരെ നേരിടുന്നതിനിടെ 2009 ൽ കൊല്ലപ്പെട്ട ഷബീർ അഹമ്മദ് മാലിക് , ഉറിയിൽ 2014 ൽ സൈനിക ക്യാമ്പിലുണ്ടായ ആക്രമണത്തിൽ വീരമൃത്യു വരിച്ച എഎസ്ഐ മൊഹമ്മദ് അക്ബർ എന്നിവർ ഉൾപ്പെടെയുളളവർക്കാണ് ആദരവ് ലഭിക്കുക.
Comments