തിരുവനന്തപുരം: സംവിധായൻ ക്രോസ് ബെൽറ്റ് മണി ഇനി ഓർമ്മ. തിരുവനന്തപുരം ശാന്തികവാടത്തിൽവെച്ച് അദ്ദേഹത്തിന്റെ സംസ്‌കാരം നടന്നു. കാൽനൂറ്റാണ്ടിലേറെയായി സിനിമാലോകത്ത് നിന്ന വിട്ടുനിന്ന മണി ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് അന്തരിച്ചത്. ദേഹാസ്വസ്ഥ്യത്തെ തുടർന്ന് വട്ടിയൂർക്കാവിലെ വസതിയിലായിരുന്നു അന്ത്യം. 86 വയസായിരുന്നു.
കലാമൂല്യമുള്ളതും ഒപ്പം വാണിജ്യ താത്പര്യം സംരക്ഷിക്കുന്നതുമായ സിനിമകൾ കെ.വേലായുധൻ നായർ എന്ന ക്രോസ് ബെൽറ്റ് മണി മലയാള സിനിമ മേഖലയ്‌ക്ക് സമ്മാനിച്ചിരുന്നു. മലയാള ചലച്ചിത്ര രംഗത്ത് സ്വന്തം സിനിമയുടെ പേരിൽ അറിയപ്പെടുന്ന ഏക സംവിധായകനായിരുന്നു ക്രോസ് ബെൽറ്റ് മണി.
ഫോട്ടോ ഗ്രാഫിയിലെ താത്പര്യം കാരണം സിനിമയിലെത്തിയ കെ.വേലായുധൻ നായർ ഛായഗ്രാഹക വേഷം അഴിച്ചു വെക്കുകയും സംവിധായക വേഷമണിയുകയും ചെയ്തു. ക്രോസ് ബെൽറ്റ് എന്ന ചിത്രം സാമ്പത്തിക വിജയം നേടിയതോടെ വേലായുധൻ ക്രോസ് ബെൽറ്റ് മണിയാവുകയായിരുന്നു. ഒൻപത് ചലച്ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച മണി 30 ലേറെ ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തു.
കലാമൂല്യമുള്ള ചിത്രങ്ങളോടായിരുന്നു മണിക്ക് താത്പര്യം. എന്നാൽ തുടർച്ചയായി അത്തരം സിനിമകൾ സാമ്പത്തിക നഷ്ടത്തിലായതോടെ മണിയും വാണിജ്യ സിനിമകളിലേക്ക് ചുവടു മാറ്റി. പ്രേംനസീർ, ജയൻ, മധു , സത്യൻ തുടങ്ങിയവരുടെ ഇഷ്ട സംവിധായകനായിരുന്നു മണി. സംവിധായകൻ എന്ന നിലയിൽ നാരദൻ കേരളത്തിൽ എന്ന ചിത്രമാണ് അവസാനമായി ശ്രദ്ധ നേടിയത്. പിന്നീടിറങ്ങിയ ചിത്രങ്ങൾ നഷ്ടത്തിലായതോടെ മണി സിനിമകളിൽ നിന്നും വിട്ടുനിന്നു.
എന്നാൽ ജോഷി ഉൾപ്പെടെയുള്ള അദ്ധേഹത്തിന്റെ ശിഷ്യർ ഇന്നും ചലച്ചിത്ര മേഖലയിൽ സജീവമാണ്. കലാമൂല്യമുള്ള നിരവധി ചിത്രങ്ങൾ മലയാള സിനിമയ്‌ക്ക് സമ്മാനിച്ചിട്ടും അർഹമായ അംഗീകാരം സിനിമാ മേഖല അദ്ദേഹത്തിന് തിരിച്ചു നൽകിയില്ല. മലയാളികളെ ഒന്നടങ്കം രസിപ്പിച്ച സംവിധായകൻ ഭൂമിയോട് വിട പറയുമ്പോൾ അദ്ധേഹം ബാക്കി വച്ച ഒരുപിടി കഥാപാത്രങ്ങൾ നമുക്ക് ചുറ്റും ഇന്നും ജീവിക്കുകയാണ്.















