കൊല്ലം: വിഭാഗീയ പ്രശ്നങ്ങളെ തുടർന്ന് സിപിഎം ശൂരനാട് പോരുവഴി ലോക്കൽ സമ്മേളനവും നിർത്തിവെച്ചു. സമ്മേളനത്തിൽ അവതരിപ്പിച്ച പുതിയ ലോക്കൽ കമ്മറ്റി അംഗങ്ങളുടെ പട്ടികയ്ക്ക് പുറത്തു നിന്ന് മത്സരിക്കാൻ പ്രതിനിധികൾ തയാറായതോടെയാണ് സമ്മേളനം നിർത്തിവെച്ചത്.
ഡി.വൈ എഫ് ഐ പ്രവർത്തകൻ കൂടിയായ ആരിഫിന്റെ പേര് പ്രതിനിധികൾ ലോക്കൽ കമ്മറ്റിയിലേക്ക് ഉന്നയിക്കുകയായിരുന്നു. തുടർന്ന് മത്സരം ഒഴിവാക്കാൻ ചർച്ചകൾ നടത്തിയെങ്കിലും ഫലം കാണാഞ്ഞതോടെയാണ് സമ്മേളനം നിർത്തിവെച്ചത്.കൊല്ലം ജില്ലയിൽ സമ്മേളനത്തിൽ ഔദ്യോഗിക പാനലിനെതിരെ മത്സരിക്കാൻ പ്രതിനിധി തയാറാകുന്നതും സമ്മേളനം നിർത്തിവെയ്ക്കുന്നതും ഈ സമ്മേളന കാലയളവിൽ ആദ്യമാണ്.
കണ്ണൂരിലടക്കം പലയിടങ്ങളിലും ലോക്കൽ സമ്മേളനങ്ങളിൽ വിഭാഗീയത ഈ സമ്മേളന കാലയളവിൽ പാർട്ടിക്ക് വെല്ലുവിളിയായിരുന്നു. സിപിഐയ്ക്കും ശക്തമായ സ്വാധീനമുളള സ്ഥലമാണ് ശൂരനാട്. അതുകൊണ്ടു തന്നെ ഈ മേഖലയിലെ പ്രത്യക്ഷ വിഭാഗീയത ജില്ലാ നേതൃത്വത്തിനും തലവേദനയാകും.
Comments