ആലപ്പുഴ: കൊച്ചുമക്കളെ കളിക്കാൻ വിളിച്ചുകൊണ്ടുപോയതിന്റെ പേരിൽ പത്താം ക്ലാസുകാരനെ അയൽവാസി മർദ്ദിച്ചതായി പരാതി. ആലപ്പുഴ പല്ലനയിലാണ് സംഭവം. പല്ലന സ്വദേശി അനിൽ കുമാറിന്റെ മകൻ അരുൺകുമാറി നാണ് (14) പരിക്കേറ്റത്.
കുട്ടിയുടെ കണ്ണിനാണ് പ്രധാനമായും പരിക്കേറ്റത്. അയൽവാസിയായ ശാർങ്ധരന്‍ എതിരെ ആണ് പരാതി. കുട്ടികൾ കളിക്കുന്നതിനിടയിലേക്ക് ശാർങ്ധരൻ കയറി വരികയായിരുന്നു. വന്ന ഉടനെ ഇയാളുടെ കൊച്ചുമക്കളെ തല്ലിയ ശേഷം ആദ്യം വീട്ടിലേക്ക് ഓടിച്ചുവിട്ടു. പിന്നീട് മറ്റ് കുട്ടികൾ കളിച്ചുകൊണ്ടിരുന്ന സാധനങ്ങൾ ബലമായി പിടിച്ചെടുത്ത് വെച്ചു.
സാധനങ്ങൾ എന്തിനാണ് എടുക്കുന്നതെന്നും ഞങ്ങൾ കളിച്ചുകൊണ്ടിരുന്നതല്ലേയെന്നും അരുൺ ചോദിച്ചതോടെ പ്രകോപിതനായി ഇയാൾ കൈയ്യിലിരുന്ന കമ്പ് കൊണ്ട് തല്ലുകയായിരുന്നു. പുറത്തായിരുന്നു ആദ്യം അടിച്ചത്. അരുൺ ഓടാൻ നോക്കിയെങ്കിലും ഇയാൾ പിന്നാലെ വന്ന് മർദ്ദിച്ചു. ഇതിനിടയിലാണ് കമ്പ്് കൊണ്ട് കണ്ണിന് അടിയേറ്റത്.
ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ കുട്ടിയെ വിദഗ്ധ പരിശോധനയ്ക്കായി വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റും.
Comments