ഇടുക്കി: നീരൊഴുക്ക് ശക്തമായി തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ വീണ്ടും വർദ്ധന. 140.70 അടിയായി ഡാമിലെ ജലനിരപ്പ് ഉയർന്നു. അതേ സമയം തമിഴ്നാട് കൊണ്ടു പോകുന്ന ജലത്തിന്റെ അളവ് 2300 ഘനയടിയായി തുടരുന്നു.
അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ ലഭിച്ചതിനെ തുടർന്നാണ് നീരൊഴുക്ക് ശക്തമായത്. ഡാമിൽ ജലനിരപ്പ് ഉയർന്ന് നിൽകുന്ന സാഹചര്യത്തിൽ പെരിയാറിന്റെ തീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം നേരത്തെ തന്നെ നൽകിയിരുന്നു. ഇന്നലെ അണക്കെട്ടിലെ ജലനിരപ്പ് 140.45 അടി പിന്നിട്ടിരുന്നു.
റൂൾ കർവ് പ്രകാരം അനുവദനീയമായ 141 അടിയിലേയ്ക്ക് ജലനിരപ്പ് ഉയർന്നാൽ അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തും. നിലവിൽ അത്തരമൊരു സാഹചര്യമില്ലെന്നാണ് അധികൃതർ വിലയിരുത്തുന്നത്.
Comments