ഒരിടവേളക്ക് ശേഷം സുരേഷ്‌ഗോപിയുടെ ആക്ഷൻ ഹീറോ താണ്ഡവം പക്ഷെ അത് ക്ലാസ് ശൈലിയിലായിരുന്നു.. ഒറ്റവാചകത്തിൽ കാവലിനെ അങ്ങനെ തന്നെ വിശേഷിപ്പിക്കാം.. തലസ്ഥാനം എന്ന സിനിമയിലൂടെ തന്റെ തലവര മാറ്റിയെഴുതിയ രഞ്ജിപണിക്കരുടെ ആന്റണിയെന്ന കഥാപാത്രത്തിന്റെ കുടുംബത്തിന്റെ കാവലായി തമ്പാൻ അവതരിക്കുമ്പോൾ, തീയറ്ററുകളിൽ അലമാലകൾ സൃഷ്ടിക്കുന്ന കഥാപാത്രരചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് അതേ രഞ്ജിപണിക്കരുടെ മകൻ തന്നെയാണ് എന്നത് കൊണ്ട് തന്നെ ചരിത്രം ആവർത്തിക്കപ്പെടുകയാണ്.
മലയാളസിനിമയിലെ ആക്ഷൻ കിംഗ് സൂപ്പർതാര പട്ടത്തിലേക്ക് സുരേഷ്‌ഗോപി എന്ന നടനെ ചമയിച്ചൊരുക്കിയ രഞ്ജിപണിക്കർ പക്ഷെ ഇത്തവണ തമ്പാന്റെ വലംകൈയായി തകർത്തഭിനയിക്കുന്ന ദൃശ്യമാണ് കാവലിൽ.. കുടുംബബന്ധങ്ങളുടെ വൈകാരിക അടിത്തറയിൽ നിന്ന് ജന്മമെടുത്ത ആക്ഷൻ ചിത്രമായത് കൊണ്ട് ഇമോഷണൽ ഫാമിലി ത്രില്ലർ എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം കാവലിനെ.
ഇൻട്രോ സീനിൽ ആകാശത്തു വട്ടമിട്ട് പറക്കുന്ന പരുന്തിനെ നോക്കി മീശ പിരിക്കുന്ന തമ്പാന്റെ കണ്ണുകളിൽ തിളക്കുന്ന രൗദ്രം കാണുമ്പോൾ തന്നെ പ്രേക്ഷകർക്ക് മനസ്സിലാകുന്നു തമ്പാന്റെ മടങ്ങിവരവ് വെറുതെയല്ല എന്ന്.. ആന്റണിയുടെ നെഞ്ചിൽ തോക്കമർത്തിയ മാവോയിസ്റ്റിന്റെ പിൻകഴുത്തിൽ ഇരട്ടക്കുഴൽ അമർത്തി ഉന്നം പിടിക്കുന്ന തമ്പാന്റെ മുഖത്തു നിന്നും പ്രേക്ഷകർക്ക് വായിച്ചെടുക്കാം ഈ മടങ്ങിവരവ് രണ്ടും കല്പിച്ചു കൊണ്ടുള്ളതാണെന്ന്..
ഉപദ്രവം സഹിക്കവയ്യാതെ സഹികെട്ട് പോലീസ് ഓഫിസറുടെ ഇടനെഞ്ചിലേക്ക് മുട്ടുകാൽ അമർത്തി വെച്ചുള്ള തമ്പാന്റെ ഉറച്ച ശബ്ദം കേൾക്കുമ്പോളറിയാം തമ്പാന്റെ തിരിച്ചുവരവ് ഒരുങ്ങിതന്നെയാണെന്ന്. കാവൽ സുരേഷ്ഗോപി എന്ന നടന്റെ അത്യുജ്ജ്വല തിരിച്ചുവരവാണ്. മൂർച്ചയേറിയ ഡയലോഗ് ഡെലിവറിയും അസാമാന്യമായ ഭാവപ്പകർച്ചകളും, ആക്ഷൻ രംഗങ്ങളിലെ മികവും വഴി സുരേഷ്‌ഗോപി അത് തെളിയിച്ചിരിക്കുന്നു. രണ്ട് കാലഘട്ടങ്ങളിലായി ചിത്രീകരിച്ചിരിക്കുന്ന സിനിമയിൽ അതിഭാവുകത്വമോ,അമാനുഷികത്വമോ ഒട്ടും തന്നെയില്ലാതെയുള്ള നായകസങ്കല്പമാണ് സംവിധായകൻ നിതിൻ രഞ്ജിപണിക്കർ ഒരുക്കിയിരിക്കുന്നത്.
ഇടക്കിടക്ക് കൃത്യസമയത്ത് കൊളുത്തിവിടുന്ന പഞ്ച് ഡയലോഗുകൾ പ്രേക്ഷകരുടെ നിറഞ്ഞ കൈയ്യടി നേടാൻ പ്രാപ്തമാണ്. കുടുംബപ്രേക്ഷകരെ മുന്നിൽ കണ്ടാണ് നിതിനും സംഘവും കാവൽ ഒരുക്കിയിരിക്കുന്നത്.സുഹൃത്തിന്റെ കുടുംബം ദുരന്തങ്ങളെ നേരിടുമ്പോൾ അവർക്ക് കാവലായി നീണ്ടഇടവേളക്ക് ശേഷം തമ്പാൻ മടങ്ങിയെത്തുമ്പോൾ തീയറ്ററുകൾ പൂരപ്പറമ്പുകളാകുമെന്നതിൽ തർക്കമില്ല. പതിഞ്ഞ താളത്തിൽ തുടങ്ങി കൃത്യമായ ഇടവേളകളിൽ കൊട്ടിക്കയറി ഒടുവിൽ അപ്രതീക്ഷിത ക്ലൈമാക്‌സിൽ കാവൽ അവസാനിക്കുമ്പോൾ തന്റെ പഴയ ട്രങ്ക് പെട്ടിയുമായി തമ്പാൻ കയറിപ്പോകുന്നത് കണക്കുകളെല്ലാം തീർത്തിട്ട് തന്നെയാണ്..
ഗുഡ് വിൽ എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിച്ചിരിക്കുന്ന കാവലിൽ സുരേഷ്‌ഗോപിയുടെയും രഞ്ജി പണിക്കരുടെയും നിഴലിലാണ് മറ്റ് കഥാപാത്രങ്ങളെങ്കിലും റേച്ചൽ ഡേവിഡ്,സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂർ, ശങ്കർ രാമകൃഷ്ണൻ,ശ്രീജിത്ത് രവി, രാജേഷ് ശർമ്മ, കിച്ചു ടെല്ലസ്, കണ്ണൻ രാജൻ പി ദേവ് തുടങ്ങിയവരെല്ലാം തന്നെ തങ്ങളുടെ ഭാഗം ഭംഗിയാക്കിയിട്ടുണ്ട്.
മികച്ച പശ്ചാത്തല സംഗീതവും, ഛായാഗ്രഹണവും, എഡിറ്റിങ്ങും, സൗണ്ട് മിക്‌സിങ്ങും എല്ലാം ഗുരുവായ അച്ഛനെ സാക്ഷിയാക്കി ഒരു മികച്ച ചിത്രം അണിയിച്ചൊരുക്കാൻ നിതിൻ രഞ്ജിപണിക്കരെ ഏറെ സഹായിച്ചിട്ടുണ്ട്.. കോവിഡ് നിയന്ത്രണങ്ങളുടെ നീണ്ട കാലയളവിന് ശേഷം തീയറ്ററുകളിലെത്തുന്ന ആദ്യ സൂപ്പർതാര ചിത്രം അതുകൊണ്ടൊക്കെ തന്നെ ആരവങ്ങൾ സൃഷ്ടിക്കുകയാണ്.















