ന്യൂഡൽഹി : സസ്പെൻഷനിലായ എം പിമാർക്ക് ഖേദം പ്രകടിപ്പിക്കാതെ രാജ്യസഭയിൽ പ്രവേശിക്കാനാകില്ലെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി . രാജ്യസഭയുടെ കഴിഞ്ഞ സമ്മേളനത്തില്‍ സംഘര്‍ഷം ഉണ്ടാക്കിയ എം പിമാരെയാണ് സസ്പെൻഡ് ചെയ്തത് .
സിപിഎം എംപി എളമരം കരീം, സിപിഐയുടെ ബിനോയ് വിശ്വം, തൃണമൂല്‍ എംപി ശാന്താ ഛേത്രി, കോണ്‍ഗ്രസ്സിലെ സായിദ് നാസര്‍ ഹുസൈന്‍, അഖിലേഷ് പ്രസാദ് സിങ്, ഫൂലോ ദേവി നേതാം, ഛായ വര്‍മ, റിപുന്‍ ബോറ, രാജാമണി പട്ടേല്‍, ശിവസേനയിലെ പ്രിയങ്ക ചതുര്‍വേദി, അനില്‍ ദേശായി തുടങ്ങിയവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
ഇവർ പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്‌ക്ക് സമീപം പ്രതിഷേധം നടത്തുകയാണ് . രാജ്യസഭയിലെ സസ്‌പെൻഡ് ചെയ്യപ്പെട്ട 12 അംഗങ്ങൾക്കും സഭയിൽ വരണമെങ്കിൽ അവർ ഖേദം പ്രകടിപ്പിക്കണം. അതുവരെ അവർ ധർണയിൽ ഇരിക്കട്ടെ.ഈ രാജ്യസഭാ എംപിമാർക്ക് മഹാത്മാഗാന്ധി നല്ലബുദ്ധി നൽകണമെന്ന് പ്രാർത്ഥിക്കുമെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു.
വര്‍ഷകാല സമ്മേളനത്തിലെ അവസാന ദിവസത്തിലെ അച്ചടക്കമില്ലാത്ത പെരുമാറ്റത്തിന്റെ പേരിലാണ് ശൈത്യകാല സമ്മേളനത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.മുന്‍പെങ്ങുമില്ലാത്ത വിധത്തിലുള്ള മോശം പെരുമാറ്റവും ധിക്കാരപരമായ പ്രവൃത്തികളും എം.പിമാരുടെ ഭാഗത്തുനിന്ന് ഉണ്ടായെന്ന് സസ്‌പെന്‍ഷന്‍ പ്രമേയത്തിൽ പറയുന്നു . അക്രമാസക്തവും നിയന്ത്രണമില്ലാത്തതുമായ പെരുമാറ്റമാണ് എം.പിമാരുടെ ഭാഗത്തുനിന്നുണ്ടായതെന്നും സുരക്ഷാജീവനക്കാരെ കരുതിക്കൂട്ടി ആക്രമിച്ചെന്നും സസ്‌പെന്‍ഷന്‍ പ്രമേയത്തില്‍ പറയുന്നുണ്ട്
നേരത്തെ, രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡുവും സഭയ്‌ക്കുള്ളിലെ പ്രതിപക്ഷ നേതാക്കളുടെ പെരുമാറ്റത്തിൽ നിരാശ പ്രകടിപ്പിച്ചു. സസ്പെൻഡ് ചെയ്യും മുൻപ് സഭാനാഥൻ അംഗങ്ങളുടെ പേരെടുത്തു പറഞ്ഞില്ലെന്നും പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെയാണ് ചൂണ്ടിക്കാട്ടിയത് . അംഗങ്ങളുടെ സസ്പെൻഷൻ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു .
എന്നാൽ സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിമാർ ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്നും അവരുടെ സസ്‌പെൻഷൻ പിൻവലിക്കുന്ന പ്രശ്‌നമില്ലെന്നും വെങ്കയ്യ നായിഡു പറഞ്ഞു . സഭയിൽ മോശമായി പെരുമാറിയവർ പഠിപ്പിക്കാൻ വരേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി .















