ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ വിമാനത്താവളത്തിൽ ജനക്കൂട്ടം ജനങ്ങൾ കൂട്ടം കൂടി നിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ വിഷയത്തിൽ ഇടപെട്ട് കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഡൽഹി വിമാനത്താവളത്തിന്റെ ഓപ്പറേറ്റർക്ക് ഇത് സംബന്ധിച്ച് കേന്ദ്രമന്ത്രി കർശന നിർദേശം നൽകി. ജനക്കൂട്ടം നിയന്ത്രിക്കാൻ വേണ്ട നടപടികൾ ഉടൻ സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് നിയന്ത്രണങ്ങൾ കർശനമാക്കിയതിന് പിന്നാലെയാണ് ഡൽഹി വിമാനത്താവളത്തിൽ ജനക്കൂട്ടത്തെ കൈകാര്യം ചെയ്തതതിൽ വീഴ്ച സംഭവിച്ചത്. ഇതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് വ്യോമയാനമന്ത്രി വിഷയം ഗൗരവമായി കാണുകയും ഇടപെടുകയും ചെയ്തത്. എയർപോർട്ട് അധികൃതരുമായി കേന്ദ്രമന്ത്രി യോഗം ചേരുകയും ചെയ്തിരുന്നു.
ഹൈ-റിസ്ക് രാജ്യങ്ങളിൽ നിന്ന് വരുന്ന അന്താരാഷ്ട്ര യാത്രക്കാരെ കർശന പരിശോധ നടത്തിയതിന് ശേഷമാണ് വിമാനത്താവളത്തിൽ നിന്നും വിടുന്നത്. നിലവിൽ 21 ഒമിക്രോൺ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഏറ്റവും കൂടുതൽ കേസുകൾ (9) രാജസ്ഥാനിലാണ്. മഹാരാഷ്ട്രയിൽ എട്ട് കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്. കർണാടകയിൽ രണ്ട് പേർ ഒമിക്രോൺ ബാധിതരായപ്പോൾ ഡൽഹിയിയും ഗുജറാത്തിലും ഓരോ ആളുകൾക്ക് വീതം ആളുകൾക്ക് രോഗം സ്ഥിരീകരിച്ചു. പുതിയ വകഭേദം റിപ്പോർട്ട് ചെയ്തതോടെ യുകെ, സിംഗപൂർ, ഇസ്രായേൽ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഹൈ-റിസ്ക് രാജ്യങ്ങളായാണ് കണക്കാക്കുന്നത്.















