കൊച്ചി: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മലയാളി താരങ്ങൾ. സുരേഷ് ഗോപി, മേജർ രവി, കുഞ്ചാക്കോ ബോബൻ, മഞ്ജു വാര്യർ തുടങ്ങിയ താരങ്ങളാണ് ബിപിൻ റാവത്തിന് ആദരാജ്ഞലി നേർന്ന് എത്തിയത്. രാജ്യത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നു. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം രാജ്യത്തിന് തീരാ നഷ്ടമാണെന്ന് താരങ്ങൾ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് തുടങ്ങിയവർ ബിപിൻ റാവത്തിന് ആദരാജ്ഞലി നേർന്ന് എത്തിയിരുന്നു. ബിപിൻ റാവത്തും ഭാര്യയും അടക്കം 13 പേരാണ് അപകടത്തിൽ മരിച്ചത്. സുലൂരിലെ വ്യോമതാവളത്തിൽ നിന്നും വെല്ലിംഗ്ടണ്ണിലുള്ള ഡിഫൻസ് സർവ്വീസ് കോളേജിലേക്കുള്ള യാത്രക്കിടെയാണ് അപകടം.
വ്യോമസേനയുടെ എംഐ ശ്രേണിയിലുള്ള 17v5 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽഎസ് ലിഡർ, ലെഫ്. കേണൽ ഹർജീന്ദർ സിംഗ്, നായ്ക് ഗുർസേവക് സിംഗ്, നായ്ക് ജിതേന്ദ്ര കുമാർ, ലാൻഡ്സ് നായ്ക് വിവേക് കുമാർ, ലാൻഡ്സ് നായ്ക് ബി. സായി തേജ, ഹവിൽദാർ സത്പാൽ, ക്യാപ്റ്റൻ വരുൺ സിംഗ് എന്നിവരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. വരുൺ സിംഗാണ് അപകടത്തിൽ നിന്നും രക്ഷപെട്ടത്.
Comments