തൃശ്ശൂർ: രാത്രി ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ സ്കൂട്ടറിൽ കാളയിടിച്ച് തെറിച്ചുവീണ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. തൃശൂർ മണ്ണുത്തി സ്റ്റേഷനിലെ എ.എസ്.ഐ ആയ കുറ്റൂർ സ്വദേശി കെ.എ.ജോൺസൻ(48) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. വീട്ടിലേക്ക് പോകുന്നതിനിടെ കോവിലകത്തും പാടത്ത് വെച്ച് ജോൺസൻ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കാള ഇടിക്കുകയായിരുന്നു.
ജോൺസൺ ധരിച്ചിരുന്ന ഹെൽമറ്റും പൂർണ്ണമായും തകർന്ന നിലയിലാണ്. റോഡിലൂടെ പോയ പല വാഹനങ്ങളും ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കാൻ സഹായിച്ചില്ലെന്നും ആരോപണമുണ്ട്. കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ഒരു കുടുംബമാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ ജോൺസൺ മരിച്ചിരുന്നു.
രണ്ട് വർഷമായി മണ്ണുത്തി സ്റ്റേഷനിലാണ് ഇദ്ദേഹം സേവനം അനുഷ്ഠിക്കുന്നത്. മൃതദേഹം സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടനല്ലൂർ അഗസ്റ്റിൻ അക്കര സ്കൂൾ അധ്യാപികയായ ജിൻസിയാണ് ഭാര്യ. മക്കൾ; ജിസ്മി, ജോയൽ (ഇരുവരും വിദ്യാർത്ഥികൾ).
Comments