കൊച്ചി: യുവതിയെ ഒഴിവാക്കാൻ ഭർതൃവീട്ടുകാർ വീട് പൂട്ടിപോയ സംഭവത്തിൽ ഇടപെട്ട് കോടതി. യുവതിയെ പെരുവഴിയിൽ നിർത്താനാകില്ലെന്ന് കോടതി പറഞ്ഞു. ഭർത്താവും മാതാപിതാക്കളും കോടതിയിൽ ഹാജരായില്ലെങ്കിൽ വാതിൽ തകർത്ത് കയറുന്നതിനോ പെൺകുട്ടിയെ മാറ്റി താമസിപ്പിക്കുന്നതിനോ ഉത്തരവിടുമെന്നും കോടതി വ്യക്തമാക്കി. ആലുവ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് താക്കീത്.
കോടതി കേസ് പരിഗണിച്ചപ്പോൾ ഭർത്താവ് ഹാജരായിരുന്നില്ല. ഇയാളുടെ അഭിഭാഷകനാണ് ഹാജരായത്. യുവതിയുടെ ഭർത്താവായ കലൂർ ബാങ്ക് റോഡ് മണപ്പുറത്ത് വീട്ടിൽ ഓസ്വിൻ വില്യം കൊറയ ബംഗളൂരുവിൽ ആണെന്നും എത്താൻ കഴിയില്ലെന്നുമാണ് അഭിഭാഷകൻ കോടതിയെ അറിയിച്ചത്. തുടർന്നാണ് കോടതി രൂക്ഷമായ ഭാഷയിൽ താക്കീത് നൽകിയത്.
വെള്ളിയാഴ്‌ച്ച കേസ് പരിഗണിക്കുമ്പോൾ ഭർത്താവ് വീഡിയോ കോർഫറൻസ് വഴിയും മാതാപിതാക്കൾ നേരിട്ടും ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു. ഗാർഹിക പീഡനം നടത്തി സ്വർണ്ണവും പണവും തട്ടിയെടുത്ത ശേഷം ഭർത്താവ് യുവതിയെ വാടക വീട്ടിൽ ഉപേക്ഷിച്ച് പോവുകയായിരുന്നു. ഭർത്താവിന്റെ വീട്ടിൽ താമസിക്കാൻ കോടതി ഉത്തരവുണ്ടായിട്ടും യുവതിയെ ഒഴിവാക്കാൻ ഭർത്താവും കുടുംബവും വീട് പൂട്ടി മുങ്ങുകയും ചെയ്തു. ഇതോടെ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു.















