അമ്പലപ്പുഴ : ബാറുകളിൽ വിൽപ്പനയ്ക്ക് തയ്യാറാക്കിയ ആയിരം കുപ്പി വ്യാജ മദ്യവും , സ്പിരിറ്റും പിടികൂടി . പുറക്കാട് ഗ്രാമപ്പഞ്ചായത്ത് മൂന്നാം വാർഡിൽ കരൂർ കാഞ്ഞൂർമഠം ഭാഗത്താണ് വ്യാജമദ്യനിർമാണകേന്ദ്രം പ്രവർത്തിച്ചിരുന്നത്. സ്പിരിറ്റിൽ നിറംചേർത്താണ് വ്യാജമദ്യമുണ്ടാക്കിയിരുന്നത് .
ആയിരം കുപ്പികളിലായി എണ്ണൂറിലേറെ ലിറ്റർ വ്യാജമദ്യമാണുണ്ടായിരുന്നതെന്നാണ് പ്രാഥമികവിവരം. ബാറുകളിൽ സെക്കൻഡ്സ് വിൽപ്പനയ്ക്കുള്ളതാണെന്നാണ് സംശയിക്കുന്നത്. പ്രതികൾക്കുവേണ്ടി പോലീസ് വ്യാപകമായ പരിശോധന തുടങ്ങി.കരൂർ ക്ഷേത്രത്തിനു സമീപം വ്യാജ മദ്യം ഉണ്ടാക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുനു പരിശോധന.
മദ്യം നിറയ്ക്കാനുള്ള പതിനായിരത്തിലേറെ കാലിക്കുപ്പികളും അടപ്പും പാക്കിംഗ് യന്ത്രവും വീട്ടിൽനിന്നു കണ്ടെത്തി. വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിക്കാരംഭിച്ച പരിശോധന രാത്രി വൈകിയും തുടർന്നു. ഒരു പെട്ടിയിൽ പന്ത്രണ്ടെണ്ണം വെച്ച് നിരവധി പെട്ടികളിലാക്കിയാണ് മദ്യം സൂക്ഷിച്ചിരുന്നത്. നാട്ടുകാരും പോലീസിനെ സഹായിക്കാനെത്തിയിരുന്നു .
Comments