ജെനീവ; ഡെൽറ്റയേക്കാൾ വ്യാപനശേഷി കൂടുതലുള്ളതാണ് ഒമിക്രോൺ വകഭേദമെന്നും ഇവ വാക്സിന്റെ ഫലപ്രാപ്തി കുറയ്ക്കുമെന്നും ലോകാരോഗ്യ സംഘടന. അതേസമയം ഗുരുതരമായ രോഗലക്ഷണങ്ങൾ കാണിക്കുകയില്ലെന്നും ഡബ്ല്യൂഎച്ച്ഒ അറിയിച്ചു.
ഡിസംബർ ഒമ്പത് വരെയുള്ള കണക്ക് പ്രകാരം ലോകത്തെ 63 രാജ്യങ്ങളിലേക്ക് ഒമിക്രോൺ വ്യാപിച്ചിട്ടുണ്ട്. ഡെൽറ്റയുടെ വ്യാപനം താരതമ്യേന കുറവ് രേഖപ്പെടുത്തിയ ദക്ഷിണാഫ്രിക്കയിലും ഡെൽറ്റ പ്രബലമായ ബ്രിട്ടനിലും ഒമിക്രോൺ അതിവേഗം പടരുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. നിലവിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡെൽറ്റ വകഭേദത്തേക്കാൾ നാശം വിതയ്ക്കാൻ ഒമിക്രോണിന് കഴിയുമെന്നാണ് കണ്ടെത്തൽ.
നവംബർ 24നാണ് ഒമിക്റോണിനെ കുറിച്ച് ദക്ഷിണാഫ്രിക്ക ലോകാരോഗ്യ സംഘടനയ്ക്ക് റിപ്പോർട്ട് നൽകുന്നത്. ഇതിന് പിന്നാലെ വാക്സിൻ നിർമ്മാതാക്കളായ ഫൈസർ തങ്ങളുടെ മൂന്ന് ഡോസ് വാക്സിൻ ഒമിക്രോണിനെതിരെ ഫലപ്രദമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ബ്രിട്ടൺ, ഫ്രാൻസ് തുടങ്ങി ആവശ്യത്തിന് വാക്സിൻ കൈവശമുള്ള രാജ്യങ്ങൾ ജനങ്ങളോട് ബൂസ്റ്റർ ഡോസ് എടുക്കാൻ നിർബന്ധിക്കുകയാണ്.
ലോകത്തിലെ തന്നെ നിരവധി പേരുടെ മരണത്തിവനും രോഗബാധയ്ക്കും ഇടയാക്കിയ കൊറോണ വകഭേദമായിരുന്നു ഡെൽറ്റ. ഈ വർഷം തുടക്കത്തിൽ ഇന്ത്യയിലായിരുന്നു ഡെൽറ്റ ആദ്യമായി റിപ്പോർട്ട് ചെയ്തത്. അതേസമയം ധാരാളം മ്യൂട്ടേഷനുകൾ സംഭവിക്കുന്ന ഒമിക്രോൺ വകഭേദം ദക്ഷണാഫ്രിക്കയിൽ നിന്നും ഉത്ഭവിച്ചുവെന്നാണ് വിലയിരുത്തൽ. വ്യാപന സാധ്യത കുറയ്ക്കുന്നതിനായി ദക്ഷിണാഫ്രിക്കൻ രാജ്യങ്ങളിലേക്കും തിരിച്ചും യാത്രാ നിരോധനം ഏർപ്പെടുത്തി ആഭ്യന്തര നിയന്ത്രണങ്ങൾ കർശനമാക്കിയിരുന്നു.















