അഡ്‌ലെയ്ഡ്: ആഷസ്സ് പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് മികച്ച തുടക്കം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ആതിഥേയർ 61 ഓവറിലാണ് 151 റൺസ് നേടിയത്. ഇംഗ്ലണ്ടിനെ തിരെ ആദ്യ ടെസ്റ്റിൽ മികച്ച വിജയം നേടിയ ഓസീസിനാണ് 5 ടെസ്റ്റുകളുള്ള പരമ്പരയിൽ 1-0ന്റെ മുൻതൂക്കം.
ബാറ്റിംഗിനിറങ്ങി തുടക്കത്തിൽ തന്നെ മാർക്കസ് ഹാരിസിനെ(3) സ്‌കോർ നാലിൽ നിൽക്കേ നഷ്ടപ്പെട്ടെങ്കിലും വാർണർ(84), മാർനസ് ലബുഷാനേ(61) എന്നിവരുടെ അർദ്ധസെഞ്ച്വറി മികവിലാണ് കങ്കാരുക്കൾ മുന്നേറുന്നത്. ഇംഗ്ലണ്ടിനായി സ്റ്റുവർട്ട് ബ്രോഡാണ് ഏക വിക്കറ്റ് നേടിയത്. പരമ്പരയിൽ രണ്ടാം ടെസ്്റ്റിലും അർദ്ധ സെഞ്ച്വറി നേട്ടത്തോടെ വാർണർ താനാണ് ഏറ്റവും വിശ്വസ്തനായ ബാറ്റ്‌സ്മാൻ എന്ന് വീണ്ടും തെളിയിക്കുകയാണ്.
പരമ്പരയിലെ ആദ്യ ടെസ്്റ്റിൽ 9 വിക്കറ്റിന്റെ അതിഗംഭീര ജയമാണ് ഓസീസ് നേടിയത്. ആദ്യ ഇന്നിംഗ്‌സിൽ ഇംഗ്ലീഷ് നിരയെ 147ന് പുറത്താക്കിയ കങ്കാരുക്കൾ വാർണർ(94), ട്രാവിസ് ഹെഡ്(152) എന്നിവരുടെ മികവിൽ 425 റൺസാണ് അടിച്ചുകൂട്ടിയത്. രണ്ടാം ഇന്നിംഗിസിലും അല്പം പൊരുതിയ ഇംഗ്ലീഷ് നിര 297ൽ പുറത്തായതോടെ ഓസീസ് ജയിക്കാൻ വേണ്ട 20 റൺസ് ഒരു വിക്കറ്റ് നഷ്ടത്തിൽ നേടിക്കൊണ്ടാണ് ആദ്യ ടെസ്റ്റ് സ്വന്തമാക്കിയത്.















