മുംബൈ: ആഗോളതലത്തിൽ ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യൂണ്ടായിയ്‌ക്ക് വൻ ജനപ്രീതിയാണുള്ളത്. വാഹനങ്ങളുടെ സ്റ്റൈലും, പ്രവർത്തനക്ഷമതയുമാണ് ഹ്യൂണ്ടായിയുടെ മുതൽക്കൂട്ട്. എന്നാൽ ഇത്രയും അധികം ജനപ്രീതിയുള്ള നിർമ്മാതാക്കൾക്ക് വൻ തിരിച്ചടിയാണ് ലാറ്റിൻ എൻസിഎപിയുടെ ക്രാഷ് ടെസ്റ്റിന് ശേഷം ഉണ്ടായത്. നിർമ്മാതാക്കളുടെ മികച്ച മോഡലുകളായ വെർണയും, ട്യൂസോണും ക്രാഷ് ടെസ്റ്റിൽ അമ്പേ പരാജയപ്പെട്ടു.
ദക്ഷിണ അമേരിക്കയിൽ ആക്‌സന്റ് എന്ന പേരിൽ വിൽക്കുന്ന ഹ്യൂണ്ടായിയുടെ മികച്ച വാഹനമാണ് വെർണ. ക്രാഷ് ടെസ്റ്റിൽ മുതിർന്നവരുടെ സുരക്ഷയിലും, കുട്ടികളുടെ സുരക്ഷയിലും വാഹനം പരാജയപ്പെടുകയാണുണ്ടായത്. വെർണയുടെ അടിസ്ഥാന വെരിയന്റാണ് ക്രാഷ് ടെസ്റ്റിനായി തിരഞ്ഞെടുത്തത്. ഡ്രൈവറുടെ വശത്ത് എയർബാഗുകളും എബിഎസ് സിസ്റ്റവും വാഹനത്തിന്റെ അടിസ്ഥാന വെരിയന്റിൽ നൽകിയിരുന്നു.
ക്രാഷ് ടെസ്റ്റിൽ ഡ്രൈവറുടെ സുരക്ഷയിൽ മതിയായ പ്രകടനമാണ് വാഹനം കാഴ്ചവെച്ചത്. എന്നാൽ, മുന്നിൽ ഇരിക്കുന്ന യാത്രക്കാരന്റെ സുരക്ഷയിൽ വാഹനം പരാജയപ്പെടുകയായിരുന്നു. ഡ്രൈവറുടെ നെഞ്ചിനും തലയ്‌ക്കും മതിയായ സുരക്ഷ നൽകുന്ന വാഹനം, യാത്രക്കാരന്റെ സുരക്ഷയിൽ ഒരു പോയിന്റ് പോലും നേടിയില്ല.
വെർണയുടെ ഫുട്‌വെൽ ഏരിയയും, ബോഡിഷെല്ലും സ്ഥിരതയുള്ളതാണെന്ന് തെളിയിക്കപ്പെട്ടു. കൂടാതെ, പിന്നിൽ ഇരിക്കുന്ന യാത്രക്കാർക്കും മതിയായ സുരക്ഷയുണ്ടെന്ന് വാഹനം തെളിയിച്ചു. പിന്നിൽ ഇരിക്കുന്നവരുടെ നെഞ്ചിനും, തലയ്‌ക്കും ചെറിയ രീതിയിലുള്ള സംരക്ഷണം വാഹനം നൽകുന്നുണ്ട്. അതേസമയം, കുട്ടികളുടെ സുരക്ഷയിൽ വാഹനം പരാജയപ്പെട്ടു. വാഹനത്തിൽ ചൈൽഡ് റെസിസ്റ്റന്റ് സിസ്റ്റം ഇല്ലാത്തതുകൊണ്ടു തന്നെ മികച്ച പ്രകടം കാഴ്ചവെയ്‌ക്കാതെ പരാജയം സ്വീകരിക്കുകയായിരുന്നു വെർണ.
വെർണയ്‌ക്ക് പുറമെ, ആഗോളതലത്തിൽ ജനപ്രിയമായ മോഡലാണ് ഹ്യൂണ്ടായിയുടെ ട്യൂസോൺ. അടുത്തിടെ യൂറോ എൻസിഎപി നടത്തിയ സുരക്ഷ പരിശോധനയിൽ വാഹനത്തിന് അഞ്ച് സ്റ്റാർ റേറ്റിംഗ് ലഭിച്ചിരുന്നു. എന്നാൽ, ലാറ്റിൻ എൻസിഎപിയുടെ ക്രാഷ് ടെസ്റ്റിൽ, ട്യൂസോൺ പരാജയപ്പെട്ടു. യൂറോ എൻസിഎപി നടത്തിയ സുരക്ഷ പരിശോധനയിൽ ട്യൂസോണിന്റെ പുതിയ തലമുറ മോഡലായിരുന്നു പരീക്ഷിച്ചത്. അതേസമയം, ലാറ്റിൻ എൻസിഎപിയുടെ ക്രാഷ് ടെസ്റ്റിൽ മുൻ തലമുറ മോഡലായിരുന്നു പരീക്ഷിക്കപ്പെട്ടത്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ട്യൂസോണിന്റെ മുൻ തലമുറ മോഡൽ വിപണിയിലുണ്ട്.
ലാറ്റിൻ എൻസിഎപിയുടെ ക്രാഷ് ടെസ്റ്റിൽ മുതിർന്നവരുടെ സുരക്ഷയിൽ 51.21 ശതമാനവും, കുട്ടികളുടെ സുരക്ഷയിൽ 4.3 ശതമാനം സുരക്ഷയും, കാൽനട യാത്രക്കാരുടെ സുരക്ഷയിൽ 49.85 ശതമാനവുമാണ് മോഡൽ സ്‌കോർ ചെയ്തത്. കുട്ടികൾക്ക് സുരക്ഷ നൽകാത്ത മോഡലാണിതെന്ന് സ്‌കോർ ചെയ്യപ്പെട്ടു. മുതിർന്നവരുടെ സംരക്ഷണത്തിനായി മുൻവശത്തും സൈഡ് ഇംപാക്ടിലും മോഡൽ മികച്ച പ്രകടനം കാഴ്ചവച്ചു. എന്നിരുന്നാലും, സ്റ്റാൻഡേർഡ് സൈഡ് ഹെഡ് പ്രൊട്ടക്ഷൻ എയർബാഗുകളുടെ അഭാവം കാറിന് മികച്ച സ്‌കോറിംഗ് ലഭിക്കുന്നതിന് തടസമായി.















