ബാംഗ്ലൂർ: ടീം ഇന്ത്യുടെ ഓപ്പണിംഗ് കരുത്തും ഏകദിന ക്യാപ്റ്റനുമായ രോഹിത് ശർമ്മയും ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും പരിശീലനം പുനരാരംഭിച്ചു. പരുക്ക് ഭേദമായതിനെ തുടർന്നാണ് ശാരീരിക ക്ഷമത വീണ്ടെടുക്കുന്നതിന്റെ ഭാഗമായ പരിശീലനം ആരംഭിച്ചത്. ന്യൂസിലാന്റിനെതിരെയുള്ള മത്സരത്തിന് ശേഷമാണ് ഇരുതാരങ്ങളും പരുക്കിന്റെ പിടിയിലായത്.
നിലവിൽ ബാംഗ്ലൂരിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് പരിശീലനം. ഒരാഴ്ചയ്‌ക്കുള്ളിൽ ശാരീരിക ക്ഷമത തെളിയിക്കാനാകുമെന്ന വിശ്വാസത്തിലാണ് താരങ്ങൾ. പരിശീലന ത്തിനിടെയാണ് ഇടത് തുടയ്‌ക്ക് രോഹിതിന് പരിക്കേറ്റത്. തുടർന്ന് പകരക്കാരനായി പ്രിയങ്ക് പഞ്ചാലിനെ ടീമിലെടുത്തിരുന്നു. ന്യൂസിലാന്റിനെതിരെ ആദ്യ ടെസ്റ്റിനിടെയാണ് ജഡേജയ്‌ക്ക് കൈയ്‌ക്ക് പരിക്കേറ്റത്.
ടീം ഇന്ത്യ ഇന്നലെയാണ് വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിൽ ജോഹന്നാസ്ബർഗിൽ എത്തിയത്. ഇരുവരുടേയും പരിക്ക് കാരണം ടെസ്റ്റ് ടീമിലെ കരുത്ത് കാര്യമായി കുറഞ്ഞെന്ന കാര്യം യാത്രതിരിക്കും മുന്നേ വിരാട് കോഹ്ലിയും സമ്മതിച്ചിരുന്നു. ഇനി ജനുവരി മാസം 19ന് ആരംഭിക്കുന്ന ഏകദിന മത്സരത്തിലാണ് ഇരുവരും കളത്തിലിറങ്ങുക.















