കൊച്ചി:കേരള കോൺഗ്രസ് (ബി) പിളർന്നു.ഉഷ മോഹൻദാസ് പുതിയ ചെയർപേഴ്സൺ.ആർ ബാലകൃഷ്ണ പിള്ളയുടെ മകളാണ് ഉഷ. കൊച്ചിയിൽ നടന്ന സംസ്ഥാന സമിതി യോഗത്തിലാണ് നിർണായക തീരുമാനമുണ്ടായത്.ഔദ്യോഗിക വിഭാഗം തങ്ങളെന്ന് വിമതർ അവകാശവാദം ഉന്നയിച്ചു.പാർട്ടി സംസ്ഥാന സമിതിയിൽ ഭൂരിഭാഗവും തങ്ങൾക്കൊപ്പമുണ്ടെന്നാണ് വിമതരുടെ വാദം.
സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. പാർട്ടി സീനിയർ വൈസ് ചെയർമാനും മുൻ എംഎൽഎയുമായ എംവിമാണി, വൈസ് ചെയർമാൻ പോൾ ജോസഫ്, ജനറൽ സെക്രട്ടറി നജീം പാലക്കണ്ടി തുടങ്ങിയവർ യോഗത്തിനെത്തിയിട്ടുണ്ട്.
ചെയർമാനായിരുന്ന ആർ ബാലകൃഷണപിള്ളയുടെ മരണത്തിന് ശേഷം പാർട്ടി ചെയർമാൻ പദവി താൽക്കാലികമായി മകൻ ഗണേഷ്കുമാറിന് നൽകിയിരുന്നു. എന്നാൽ അദ്ദേഹം പാർട്ടി നേതൃയോഗം വിളിക്കുന്നതടക്കം ഒന്നിനും തയ്യാറാകുന്നില്ലെന്ന് വിമതർ ആക്ഷേപമുയർത്തിയിരുന്നു. ബാലകൃഷ്ണപിള്ളയുടെ മൂത്തമകൾ ഉഷ മോഹൻദാസിനെ ചെയർപേഴ്സൺ ആക്കുമെന്നും വിമതർ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് പാർട്ടി പിളരുന്നതും ഉഷ നേതൃസ്ഥാനത്തേക്ക് എത്തുന്നതും. ബാലകൃഷണപിള്ളയുടെ മരണശേഷം അദ്ദേഹത്തിന്റെ വിൽപത്രം സംബന്ധിച്ച് തർക്കമുണ്ടായ സമയത്ത് ഉഷ മോഹൻദാസ് പൊതുരംഗത്തേക്ക് എത്തുമെന്ന സൂചനകൾ ഉണ്ടായിരുന്നു.വിൽപ്പത്രത്തിൽ കൃത്രിമം നടത്തിയെന്ന് ആരോപിച്ചാണ് ഗണേശിനെതിരെ സഹോദരി സിപിഎം സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയത്.
നേരത്തെ കെബി ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം തൽക്കാലം നൽകേണ്ടതില്ലെന്ന് തീരുമാനിച്ചത് കുടുംബ വഴക്കിനെ തുടർന്നാണെന്നായിരുന്നു ആരോപണം. കുടുംബത്തിൽ നിന്ന് ലഭിച്ച പരാതിയെ തുടർന്നാണ് മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയതെന്നാണ് റിപ്പോർട്ടുകൾ.















