ഷില്ലോങ്; മേഘാലയിലെ വെസ്റ്റ് ഗാരോ ഹിൽസ് ജില്ലയിൽ വ്യത്യസ്തമായ രണ്ടിടങ്ങളിൽ നടത്തിയ പരിശോധനയിൽ വൻ ആയുധശേഖരം കണ്ടെത്തി. ഒരു ഗ്രനേഡ്, രണ്ട് ഐഇഡികൾ, ബുള്ളറ്റുകൾ, സ്‌ഫോടക വസ്തുക്കൾ എന്നിവയാണ് പോലീസ് കണ്ടെത്തിയത്.
7.62 മില്ലി മീറ്ററിന്റെ ആറ് കാട്രിഡ്ജുകളും ലൈവ് ഗ്രനേഡുമാണ് കണ്ടെത്തിയതെന്നും മേഘാലയ പോലീസ് അറിയിച്ചു. പ്രഷർ കുക്കറിലും മറ്റൊരു ടിൻ ബോക്‌സിലും അടച്ച നിലയിലായിരുന്നു ഐഇഡികൾ. ഉടൻ തന്നെ ഇവ നിർവീര്യമാക്കിയെന്നും പോലീസ് വ്യക്തമാക്കി.
വെസ്റ്റ് ഗാരോ ഹിൽസ് ജില്ലയിലെ ടൂരയിൽ നിന്നും 15 കിലോ മീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഗ്രാമത്തിൽ നിന്നാണ് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയത്. ദു-മഗിട്ടോക്ക് എന്നാണ് ഗ്രാമത്തിന്റെ പേര്. ഇവിടെ പ്രദേശവാസികളെ ചോദ്യം ചെയ്ത് വരികയാണ്.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. തിങ്കളാഴ്ച വൈകീട്ടാണ് ആയുധശേഖരം കണ്ടെത്തിയ വിവരം പോലീസ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.















