ജെനീവ: ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ജനങ്ങൾ ഒത്തുകൂടുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഒരു ആഘോഷ ചടങ്ങിനെ ജീവനുമായി താരതമ്യം ചെയ്താണ് ലോകാരോഗ്യ സംഘടന മേധാവി ഡോ. ടെഡ്രോസ് അധാനം ഗബ്രിയേസസ് ഇക്കാര്യം പ്രതികരിച്ചത്.
ഒരു ജീവൻ ഇല്ലാതാകുന്നതിനേക്കാൾ എത്രയോ നല്ലതാണ് ഒരു ചടങ്ങ് ഇല്ലാതാക്കുന്നതെന്ന് ഡോ. ടെഡ്രോസ് അധാനം പ്രതികരിച്ചു. ഒമിക്രോൺ കേസുകൾ ലോകത്ത് വർദ്ധിക്കുന്ന സാഹചര്യത്തിൽ ആഘോഷ പരിപാടികൾ നീട്ടിവെയ്‌ക്കാൻ ജനങ്ങൾ തയ്യാറാകണം. അവധി ദിനങ്ങളും ഒത്തുകൂടലുകളുമെല്ലാം കൊറോണ കേസുകളെയും കൊറോണ മരണങ്ങളെയും ഉയർത്തുന്നതിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
മഹാമാരി മൂലം എല്ലാവർക്കും ജീവിതം പോലും മതിയായെന്ന് തോന്നുന്ന അവസ്ഥയുണ്ട്. അത് യാഥാർത്ഥ്യമാണ്. അതുകൊണ്ട് തന്നെ കുടുംബത്തോടൊപ്പവും സുഹൃത്തുക്കളുടെ കൂടെയുമെല്ലാം സമയം ചിലവഴിക്കാൻ നാം ആഗ്രഹിക്കുമെന്നതും സ്വാഭാവികം. എല്ലാവർക്കും ജീവിതം പഴയപോലെ സാധാരണയായി തുടരണമെന്നാണ് മോഹം. അത് എത്രയും പെട്ടെന്ന് സംഭവിക്കണമെങ്കിൽ ചില ഉറച്ച തീരുമാനങ്ങളെടുക്കുകയും തൽഫലമായി നമ്മുടെയും ചുറ്റുമുള്ളവരുടെയും ജീവൻ സംരക്ഷിക്കുകയും വേണമെന്നും ലോകാരോഗ്യ സംഘടന മേധാവി ആവശ്യപ്പെട്ടു.
വരുന്ന ആഴ്ചകളിൽ ആളുകൾ പരമാവധി ജാഗ്രത പാലിക്കണമെന്നും വലിയ ആഘോഷ പരിപാടികളും ഒത്തുകൂടലുകളും ഒഴിവാക്കണമെന്നുമുള്ള നിർദേശം നൽകാൻ സർക്കാരുകൾ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദക്ഷിണാഫ്രിക്കയിൽ മാത്രം ആദ്യമായി സ്ഥിരീകരിച്ച ഒമിക്രോൺ വകഭേദം നിലവിൽ 89 രാജ്യങ്ങളിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.















