ധാക്ക: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി പുരുഷവിഭാഗം ഹോക്കിയിൽ വെങ്കല മെഡലിനായുളള പോരാട്ടത്തിൽ പാകിസ്താനെ തകർത്ത് ഇന്ത്യ. 4-3 നാണ് ഇന്ത്യ വിജയിച്ചത്.
വൈസ് ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ് കളിയുടെ തുടക്കത്തിൽ തന്നെ ഇന്ത്യയെ മുൻപിലെത്തിച്ചിരുന്നു. 45 ാം മിനിറ്റിൽ സുമിത്തും 53 ാം മിനിറ്റിൽ വരുൺ കുമാറും 57 ാം മിനിറ്റിൽ ആകാശ്ദീപ് സിംഗുമാണ് മൂന്ന് തവണ കൂടി സ്‌കോർ ചെയ്തത്. കളിയുടെ തുടക്കം മുതൽ പാകിസ്താനെ എപ്പോഴും പ്രതിരോധത്തിലേക്ക് വലിയാൻ പ്രേരിപ്പിക്കുന്ന നിലയിലായിരുന്നു ഇന്ത്യയുടെ നീക്കം.
പാകിസ്താന് വേണ്ടി പത്താം മിനിറ്റിൽ അഫ്‌റാസും 33 ാം മിനിറ്റിൽ അബ്ദുൾ റാണയും 57 ാം മിനിറ്റിൽ അഹമ്മദ് നദീമും ഗോളുകൾ നേടി. നേരത്തെ ഗ്രൂപ്പ് തലത്തിൽ നടന്ന മത്സരത്തിലും പാകിസ്താനെ ഇന്ത്യ 3-1 ന് പരാജയപ്പെടുത്തിയിരുന്നു.

ജപ്പാനെ ഷൂട്ടൗട്ടിൽ 4-2 ന് പരാജയപ്പെടുത്തി ദക്ഷിണകൊറിയ ആണ് ചാമ്പ്യൻമാരായത്. 3-3 ന് തുല്യത പാലിച്ചതിനെ തുടർന്നായിരുന്നു ഷൂട്ടൗട്ടിലേക്ക് മത്സരം നീണ്ടത്.















