ന്യൂഡൽഹി: രാജ്യത്ത് 6258 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 34,799,691 ആയി. 75,456 പേരാണ് വിവിധ ഇടങ്ങളിൽ ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,450 പേർ രോഗമുക്തി നേടിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 34,243,945 പേരാണ് രോഗം ഭേദമായി ആശുപത്രിവിട്ടത്.
രാജ്യത്ത് നിലവിൽ 653 പേരാണ് ഒമിക്രോൺ ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ഏറ്റവും കൂടുതൽ ഒമിക്രോൺ ബാധിതർ മഹാരാഷ്ട്രയിലാണ്. 167 പേരാണ് ഇവിടെ ചികിത്സയിലുള്ളത്. ഡൽഹിയിൽ 165 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. കേരളത്തിൽ 57 പേർക്കും തെലങ്കാനയിൽ 55 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒമിക്രോൺ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്.
രാജ്യത്ത് വാക്സിനേഷൻ പുരോഗമിക്കുകയാണ്. ഇതുവരെ 142.47 കോടി വാക്സിൻ വിതരണം ചെയ്തുവെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ മാത്രം 72,87,547 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. കൊറോണ ബാധിച്ച് രാജ്യത്ത് ഇതുവരെ 480,290 പേരാണ് മരിച്ചത്.
Comments