ഹൈദരാബാദ്: തെന്നിന്ത്യൻ നടി സായ്പല്ലവി മലയാളികൾക്കും പ്രിയങ്കരിയാണ്. അൽഫോൺസ് പുത്രന്റെ ‘പ്രേമം’ സായ്പല്ലവിക്ക് നൽകിയ മലയാളി ആരാധകർ ചെറുതല്ല. ഇപ്പോൾ നടി ബുർഖ ധരിച്ച് നടക്കുന്ന ഇൻസ്റ്റഗ്രാം വീഡിയോ ആണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
നടിമാർ ബുർഖയും പർദ്ദയും ധരിക്കുന്നത് അസാധാരണമല്ല. സെലിബ്രിറ്റികൾ ആയതിനാൽ തന്നെ ജനക്കൂട്ടം ഒത്തുകൂടുന്നത് ഒഴിവാക്കാനും സൈ്വര്യമായി പൊതുജനമദ്ധ്യത്തിൽ വിഹരിക്കാനും നിരവധി നടിമാർ ഈ മാർഗം പിന്തുടരാറുണ്ട്. അത്തരമൊരു സാഹചര്യത്തിലാണ് നടി സായ് പല്ലവിയും ബുർഖയണിഞ്ഞിരിക്കുന്നത്.
തിയേറ്ററിൽ പോയി ആളുകൾക്കിടിയിലിരുന്നു സാധാരണക്കാരെ പോലെ സിനിമ കാണുകയായിരുന്നു നടിയുടെ ഉദ്ദേശ്യം. നടൻ നാനിയോടൊപ്പം സായ്പല്ലവി നായികയാകുന്ന പുതിയ ചിത്രം ശ്യാം സിംഗ റോയ് കാണാനാണ് നടിയെത്തിയത്. ഹൈദരാബാദിലായിരുന്നു സംഭവം.
ഡയറക്ടർ രാഹുൽ സംക്രിത്യനോടപ്പമാണ് സ്വന്തം സിനിമ രഹസ്യമായി കാണാൻ സായ് പല്ലവി തിയേറ്ററിലെത്തിയത്. സിനിമ ആരംഭിച്ചതിന് ശേഷമുള്ള ആളുകളുടെ പ്രതികരണങ്ങൾ തത്സമയം നോക്കികണ്ട താരം അതീവ സന്തോഷത്തോടെയാണ് മടങ്ങിയത്. ഒടുവിൽ കാറിൽ കയറിയതിന് ശേഷം ക്യാമറയ്‌ക്ക് മുമ്പിൽ മുഖം കാണിക്കാനും നടി മറന്നില്ല.















