മിന്നൽ മുരളിയെ മിന്നിച്ച വസ്തുതകളിൽ ഒന്നാണ് ചിത്രത്തിലെ ആക്ഷൻ സീനുകൾ. ഹോളിവുഡ് ആക്ഷൻ ഡയറക്ടറായ വ്‌ളാഡ് റീം ബർഗും സംഘവുമായിരുന്നു പ്രേക്ഷകരെ ത്രസിപ്പിച്ച ആക്ഷൻ രംഗങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചത്. മിന്നൽ മുരളിയായെത്തിയ താരം ടോവിനോ തോമസിന്റെ ആക്ഷൻ രംഗങ്ങളിൽ അദ്ദേഹത്തിന്റെ ബോഡി ഡബിളായെത്തിയ താരം ഇപ്പോൾ ചർച്ചയാകുകയാണ്.
സുന്ദരനും സുമുഖനുമായ ടോവിനോയുടെ പ്രതിച്ഛായയിലുള്ള ഇദ്ദേഹം ഒരു ജർമൻ സ്വദേശിയാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ.. അതിമനോഹരമായ മെയ്‌വഴക്കത്തോടെ ടോവിനോക്ക് പകരമായെത്തിയത് ജർമൻകാരനായ സെഫയാണ്. സെഫ ഡെമിർബാസ് എന്ന മിടുക്കൻ.
മിന്നൽ മുരളിയിലെ അത്യധികം അപകടകരവും സാഹസികവുമായ രംഗങ്ങൾ അവതരിപ്പിച്ച് ടോവിനോയെ സഹായിച്ചതും ബോഡി ഡബിളായതും സെഫയാണ്. ചിത്രത്തിലെ ബസ് അപകടം ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ മനോഹരമാക്കിയതിന് പിന്നിൽ സെഫയുടെ അദ്ധ്വാനവുമുണ്ട്. മിന്നൽ മുരളിയിലേക്ക് അവസരം നൽകിയതിന് നന്ദി അറിയിച്ചുകൊണ്ട് അദ്ദേഹം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച വിവരങ്ങളാണിതെല്ലാം.
ഏറ്റവും വേഗതയേറിയ മനുഷ്യനോടൊപ്പം നിന്ന് കൊണ്ട്.. എന്ന തലക്കെട്ടോടെ ടോവിനോയുമായി നിൽക്കുന്ന ചിത്രവും സെഫ പങ്കുവെച്ചു. മിന്നൽ മുരളിയെക്കുറിച്ച് ഒന്നുമറിയാതെയാണ് സെറ്റിലേക്ക് വന്നത്. സിനിമയെക്കുറിച്ച് ഒരു ധാരണയും ഉണ്ടായിരുന്നില്ല. എന്നാൽ ടീം അംഗങ്ങളുടെ പാഷൻ കണ്ടപ്പോൾ സിനിമ എന്താണെന്ന് തിരിച്ചറിഞ്ഞു. സംവിധായകൻ ബേസിലിനും നിർമാതാവ് സോഫിയയ്‌ക്കും ഹൃദയം നിറഞ്ഞ നന്ദിയെന്നും സെഫ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.















