സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം മുതൽ ചർച്ചയാകുന്ന ഇൻസ്റ്റഗ്രാം പോസ്റ്റാണിത്. സർവശക്തന്റെ അനുഗ്രഹത്താൽ താൻ വിവാഹിതയാകാൻ പോകുന്നുവെന്ന ഖദീജ റഹ്മാന്റെ വെളിപ്പെടുത്തൽ. ലോകം കണ്ട അവിസ്മരണീയ സംഗീതജ്ഞനായ എആർ റഹ്മാന്റെ മകൾ ഖദീജ റഹ്മാൻ മുമ്പും വാർത്തകളിൽ ഇടംപിടിച്ചിട്ടുള്ള യുവതിയാണ്. അതിനാൽ അവരുടെ വിവാഹ നിശ്ചയവും പ്രഖ്യാപനവും ആഘോഷമായാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്.
ഓഡിയോ എഞ്ചിനീയറും സംരംഭകനുമായ റിയാസ്ദീൻ ഷെയ്ഖ് മുഹമ്മദുമായി വിവാഹം ഉറപ്പിച്ചു. തന്റെ പിറന്നാൾ ദിനമായ ഡിസംബർ 29ന് വളരെ അടുത്ത ചില കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. സർവശക്തന്റെ അനുഗ്രഹം കൊണ്ട് വളരെയധികം സന്തോഷത്തോടെ ഇക്കാര്യം ഏവരെയും അറിയിക്കുകയാണെന്ന് ഖദീജ റഹ്മാൻ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കി.
എആർ റഹ്മാന്റെ മൂത്ത മകളും ഗായികയുമായ ഖദീജ ബുർഖ മാത്രം ധരിച്ച് പുറത്തിറങ്ങുന്നത് പൊതുജനങ്ങൾക്കിടയിലും സോഷ്യൽ മീഡിയയിലും എന്നും ചർച്ചയായിരുന്നു. അതുകൊണ്ട് തന്നെ മുഖം മറിച്ച ഖദീജയും വരന്റെ മുഖം വെളിപ്പെടുത്തി പോസ്റ്റ് ചെയ്ത ചിത്രവും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.















