ന്യൂഡൽഹി: കൊറോണ പ്രതിരോധ വാക്‌സിനുകളായ കൊവാക്‌സിനും കൊവിഷീൽഡും ഇടകലർത്തി നൽകുന്നത് നാലിരട്ടി ഫലപ്രാപ്തി നൽകുമെന്ന് പഠനം. കൊവാക്‌സിൻ ആദ്യ ഡോസായും കൊവിഷീൽഡ് രണ്ടാം ഡോസായും നൽകുകയോ, കൊവിഷീൽഡ് ആദ്യ ഡോസായും, കൊവാക്‌സിൻ രണ്ടാം ഡോസായും നൽകുകയോ ചെയ്യാവുന്നതാണ്. ഒരേ വാക്‌സിൻ തന്നെ കുത്തിവയ്‌ക്കുന്നതിനെക്കാൾ മികച്ച പ്രതിരോധ ശേഷിയാണ് ഇതുവഴി ലഭിക്കുന്നതെന്നാണ് പഠനം പറയുന്നത്. ഹൈദരാബാദ് ആസ്ഥാനമായ എ.ഐ.ജി ഹോസ്പിറ്റലും, ഏഷ്യൻ ഹെൽത്ത് കെയർ ഫൗണ്ടേഷനിലെ ഗവേഷകരും ചേർന്നാണ് പഠനം നടത്തിയത്.
വാക്‌സിനുകൾ മിക്‌സ് ചെയ്ത് നൽകുന്നത് സുരക്ഷിതമാണോ എന്നും, ഇത്തരത്തിൽ ചെയ്യുമ്പോൾ ശരീരത്തിൽ ആന്റിബോഡികൾ ഉണ്ടാകുന്നതിനെ കുറിച്ചും അറിയുന്നതിന് വേണ്ടിയാണ് പഠനം നടത്തിയത്. മിക്‌സഡ് ഡോസുകൾ കൊറോണയ്‌ക്കെതിരായ വാക്‌സിന്റെ ഫലപ്രാപ്തി വർദ്ധിപ്പിക്കും. ഒരേ വാക്‌സിൻ തന്നെ രണ്ട് തവണയായി നൽകുന്നതിലും അധികമായി സ്‌പൈക് പ്രൊട്ടീൻ ന്യൂട്രലൈസിങ് ആന്റിബോഡികൾ മിക്‌സഡ് ഡോസുകൾ സ്വീകരിക്കുന്നവരിൽ ഉണ്ടാകും. സ്പൈക് പ്രൊട്ടീൻ ന്യൂട്രലൈസിങ് ആന്റിബോഡികളാണ് കൊറോണ വൈറസുകളെ കൊല്ലുന്നതും അണുബാധ കുറച്ച് പ്രതിരോധശേഷി വർധിപ്പിക്കുന്നതും.
വാക്‌സിൻ മിക്‌സ് ചെയ്ത് ഉപയോഗിക്കുമ്പോൾ സ്പൈക് പ്രൊട്ടീൻ ന്യൂട്രലൈസിങ് ആന്റിബോഡികൾ നാലിരട്ടി കൂടുതലാണെന്ന് പഠനത്തിൽ കണ്ടെത്തിയതായി ഗവേഷകരിലൊരാളായ ഡോ.റെഡ്ഡി പറഞ്ഞു. മൂന്നാമത്തെ ഡോസ് വാക്‌സിൻ നൽകുമ്പോൾ ഈ കണ്ടെത്തലുകൾ ഏറെ പ്രധാനമാണ്. ഒമിക്രോൺ വകഭേദത്തിനെതിരേയും ഈ രീതിയിൽ വാക്‌സിൻ ഉപയോഗിക്കുന്നത് ഫലപ്രദമാണെന്നും അദ്ദേഹം പറയുന്നു. ഇത് സംബന്ധിച്ചുള്ള പഠന റിപ്പോർട്ട് ഐസിഎംആറിന് കൈമാറിയിട്ടുണ്ട്.















