മുംബൈ: ഇന്ത്യയിലെ വാഹന വിപണിയിൽ നേട്ടം കൊയ്ത് ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ. 2021ലെ വിൽപ്പന കണക്കുകൾ പുറത്ത് വരുമ്പോൾ, 2,27,844 വാഹനങ്ങളാണ് കിയ ഇന്ത്യ ഒരു വർഷം കൊണ്ട് വിറ്റഴിച്ചത്. അതായത് 2020 വർഷത്തെക്കാൾ 28 ശതമാനത്തിന്റെ വളർച്ചയാണ് കിയ സ്വന്തമാക്കിയത്. വാഹന നിർമ്മാതാക്കൾ ആഗോളതലത്തിൽ സെമികണ്ടക്ടർ ക്ഷാമം നേരിട്ടപ്പോഴും കിയയുടെ നേട്ടക്കൊയ്ത്ത് വളരെ ശ്രദ്ധേയമാണ്.
രാജ്യത്ത് 2019 മുതൽ കിയ ഇന്ത്യ വിറ്റഴിച്ചത് 4.5 ലക്ഷം വാഹനങ്ങളാണ്. ഓരോ വർഷം കഴിയും തോറും കിയയുടെ വാഹന വിൽപ്പന കുതിച്ചുയരുകയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മാരുതി, ടാറ്റാ, ഹ്യുണ്ടായി എന്നീ കമ്പനികൾ നിരത്ത് വാഴുമ്പോൾ, ഒട്ടം പകിട്ട് കുറയാതെ കിയ അവർക്കൊപ്പം മത്സരിക്കുകയാണ്. ഇന്ത്യയിലെ വാഹന വിൽപ്പനയിൽ അഞ്ചാം സ്ഥാനമാണ് കിയ സ്വന്തമാക്കിയത്.
കിയ സെൽറ്റോസാണ് ഇന്ത്യക്കാർക്ക് ഏറെ പ്രിയപ്പെട്ട വാഹനം. കഴിഞ്ഞ വർഷം 98,168 സെൽറ്റോസാണ് കിയ ഇന്ത്യയിൽ വിറ്റത്. തൊട്ട് പിന്നാലെ തന്നെയുണ്ട് കിയയുടെ മറ്റൊരു വാഹനമായ സോണറ്റ്. സോണറ്റിന്റെ 79,309 യൂണിറ്റുകളാണ് കിയ കഴിഞ്ഞ വർഷം വിറ്റഴിച്ചത്. നിർമ്മാതാക്കളുടെ എംപിവിയായ കാർണിവലും മികച്ച പ്രതികരണം നേടി വിപണിയിൽ മുൻനിരയിൽ തന്നെയുണ്ട്.
ഡിസംബർ 2021ൽ 7,797 വാഹനങ്ങളാണ് കിയ വിറ്റത്. ഡിസംബർ 2020ലെ കണക്കുകൾ നോക്കുമ്പോൾ താരതമ്യേന കുറവാണ് 2021 ഡിസംബറിലെ കണക്കുകൾ ചിപ്പ് ക്ഷാമം തന്നെയാണ് ഇതിന് കാരണമായി നിർമ്മാതാക്കൾ പറയുന്നത്. കിയ സെൽറ്റോസ്, സോണറ്റ്, കാർണിവൽ എന്നീ വാഹനങ്ങളാണ് നിലവിൽ ഇന്ത്യൻ നിരത്തുകളിൽ സജീവമായിട്ടുള്ളത്. 2022ൽ നിർമ്മാതാക്കളുടെ 3-റോ എംപിവിയായ കാരൻസും നിർത്തിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കിയ ഇന്ത്യ.ജനുവരി 14 2022 മുതൽ കാരൻസിന്റെ ബുക്കിംഗ് ആരംഭിക്കുമെന്ന് നിർമ്മാതാക്കൾ അറിയിച്ചിരുന്നു.
Comments