കൊച്ചി ; കൊച്ചിയിൽ പോലീസുകാരനെ കുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ വിഷ്ണുവാണ് പിടിയിലായത്. കേസിലെ 10-ാം പ്രതിയായ വിഷ്ണുവിനെ പിന്നീട് പ്രോസിക്യൂഷൻ മാപ്പുസാക്ഷിയാക്കിയിരുന്നു.
പൾസർ സുനിയുടെ സഹതടവുകാരൻ കൂടിയായിരുന്നു വിഷ്ണു. കാക്കനാട് ജയിലിൽ വെച്ച് ദിലീപിന്റെ മാനേജർക്ക് രണ്ട് കോടി ആവശ്യപ്പെട്ട് സുനി എഴുതിയ കത്ത് മാനേജർക്ക് നേരിട്ട് നൽകിയത് വിഷ്ണുവാണ്. നടിയെ അക്രമിച്ച കേസിൽ ദിലീപിന്റെ പങ്കിനെ പറ്റി വ്യക്തമായ തെളിവ് ലഭിച്ചത് ഈ കത്തിൽ നിന്നാണ്. ബൈക്ക് മോഷണക്കേസിൽ പിടികൂടുമ്പോഴാണ് വിഷ്ണു എഎസ്ഐയെ കുത്തിയത്.
കഴിഞ്ഞ ദിവസം ഇടപ്പള്ളിയിൽ ബൈക്ക് മോഷണത്തിന് ശ്രമിച്ച പ്രതികളെ തടഞ്ഞപ്പോഴാണ് പോലീസ് ഉദ്യോഗസ്ഥന് കുത്തേറ്റത്. എളമക്കര സ്റ്റേഷനിലെ എഎസ്ഐ ഗിരീഷിനെയാണ് കുത്തിയത്. മെട്രോ സ്റ്റേഷന് സമീപത്ത് മോഷ്ടിച്ച ബൈക്ക് തള്ളിക്കൊണ്ടുപോവുകയായിരുന്ന വിഷ്ണുവിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. വധശ്രമത്തിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്ത് പ്രതിയെ റിമാന്റ് ചെയ്തു.
Comments