ലക്നൗ: ഉത്തർപ്രദേശിൽ വൻ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലെത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തെരഞ്ഞെടുപ്പ് കമ്മീഷൻ തീയതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യോഗി ആദിത്യനാഥിന്റെ പ്രതികരണം. ജനാധിപത്യത്തിന്റെ ഉത്സവത്തെ സ്വാഗതം ചെയ്യുന്നുവെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.
ജനങ്ങളുടെ അനുഗ്രഹത്തലും ഇരട്ട എൻജിൻ സർക്കാരിന്റെ വികസന പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിലും ഇത്തവണയും ബിജെപി അധികാരത്തിലെത്തും. യുപിയിൽ ബിജെപി മന്ത്രിസഭ രൂപീകരിക്കും. അതിലൊരു സംശയവും വേണ്ടെന്ന് യോഗി ആദിത്യനാഥ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഫെബ്രുവരി പത്ത് മുതൽ മാർച്ച് ഏഴ് വരെയാണ് ഉത്തർ പ്രദേശിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഏഴ് ഘട്ടമായാണ് ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ്. ഒന്നാം ഘട്ടം ഫെബ്രുവരി 10, രണ്ടാം ഘട്ടം ഫെബ്രുവരി 14, മൂന്നാം ഘട്ടം 20, നാലാം ഘട്ടം ഫെബ്രുവരി 23, അഞ്ചാം ഘട്ടം ഫെബ്രുവരി 27, ആറാം ഘട്ടം മാർച്ച് മൂന്ന്, ഏഴാം ഘട്ടം മാർച്ച് ഏഴ് എന്നിങ്ങനെയാണ് വോട്ടെടുപ്പുകൾ നടക്കുക. രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ നിയമസഭാ സീറ്റുകളുള്ള സംസ്ഥാനമാണ് യോഗി നയിക്കുന്ന ഉത്തർപ്രദേശ്.
Comments