തിരുവനന്തപുരം: കൊറോണ വ്യാപനം അതിരൂക്ഷമാകുന്നതിനിടെ സംസ്ഥാനത്ത് സിപിഎം സംസ്ഥാനം സമ്മേളനം നടത്തുന്നതിനെ വിമർശിച്ച് കെ മുരളീധരൻ എംപി. കൊറോണ സിപിഎമ്മിന്റെ സമ്മേളനത്തിൽ വരില്ലേ എന്ന് അദ്ദേഹം പരിഹസിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ പൊതു പരിപാടികളിൽ ഉൾപ്പെടെ നിയന്ത്രണം ഏർപ്പെടുത്തിയപ്പോൾ കേരളത്തിൽ ഭരണ പാർട്ടിയുടെ പരിപാടികൾ കെങ്കേമമായി നടത്തുകയാണെന്ന് അദ്ദേഹം വിമർശിച്ചു.
ധീരജ് കൊല്ലപ്പെട്ടതിന്റെ പേരിൽ കോൺഗ്രസ് ഓഫീസുകൾക്ക് നേരെ സിപിഎം നടത്തുന്ന അക്രമം പരിധി ലംഘിച്ചാൽ നോക്കി നിൽക്കില്ലെന്ന് കെ മുരളീധരൻ താക്കീത് നൽകി. അന്വേഷണം നടക്കട്ടേയെന്നും, കോൺഗ്രസ് പ്രവർത്തകർ കുറ്റക്കാരെങ്കിൽ അവരെ സംരക്ഷിക്കില്ലെന്നും മുരളീധരൻ വ്യക്തമാക്കി.
കെ സുധാകരനെ ആക്രമിക്കാൻ വന്നാൽ സിപിഎമ്മിനെ ഒറ്റക്കെട്ടായി നേരിടും. സിപിഎം കൊലപാതകത്തിൽ കോൺഗ്രസിന് ക്ലാസ് എടുക്കാൻ വരണമെന്നില്ല. പോലീസിന്റെ വീഴ്ച മുഖ്യമന്ത്രി അംഗീകരിക്കണം. അഭിമന്യുവിനെ എസ്ഡിപിഐകാർ കൊന്നിട്ട് അവരുടെ ഓഫീസ് സിപിഎം എന്തുകൊണ്ടാണ് തകർക്കാതിരുന്നതെന്നും മുരളീധരൻ ചോദിച്ചു.















