വിഷ്ണു മോഹൻ സംവിധാനം ചെയ്ത ഉണ്ണി മുകുന്ദൻ ചിത്രം മേപ്പടിയാൻ കുടുംബപ്രേക്ഷകരുടെ മനസ്സ് കീഴടക്കി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ മേപ്പടിയാനെയും ജയകൃഷ്ണനെയും ഏറ്റെടുത്ത പ്രേക്ഷകർക്ക് നന്ദി അറിയിച്ചെത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. കുടുംബം എന്താണെന്നും ജീവിതം എന്താണെന്നും പ്രാരാബ്ധം എന്താണെന്നും അറിഞ്ഞവർ ഈ സിനിമ ഇഷ്ടപ്പെടാതെ പോകില്ലെന്നാണ് ജനങ്ങളുടെ പ്രതികരണം.
മേപ്പടിയാനെ പ്രശംസിച്ചെത്തിയ നിരവധി പേരുടെ പോസ്റ്റുകൾ ഉണ്ണി മുകുന്ദനും സംവിധായകനും പങ്കുവെച്ചിട്ടുണ്ട്. അതിൽ തീയേറ്ററിൽ നിന്നും സിനിമ കണ്ടിറങ്ങിയ ഒരു അമ്മയുടെ പ്രതികരണം ശ്രദ്ധനേടുകയാണ്. തന്റെ ജീവിതം പോലെ തോന്നിയെന്നാണ് സിനിമ കണ്ടിറങ്ങിയ അമ്മ പറയുന്നത്. കരഞ്ഞുകൊണ്ടാണ് അവരുടെ പ്രതികരണം. ഇനിയും നല്ല സിനിമകൾ ചെയ്യാൻ ഉണ്ണി മുകുന്ദന് കഴിയട്ടെയെന്നും അവർ ആശംസിക്കുന്നു.
സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും ഇതേ അഭിപ്രായം തന്നെയാണ് പറയുന്നത്. ഇന്നലെയാണ് ചിത്രം തീയേറ്ററുകളിൽ റിലീസ് ആയത്. നീണ്ട ഇടവേളയ്ക്ക് ശേഷം തീയേറ്ററിൽ എത്തുന്ന ഉണ്ണി മുകുന്ദൻ ചിത്രമാണ് മേപ്പടിയാൻ. ഉണ്ണി മുകുന്ദൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. സാധരണക്കാരന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചില സംഭവങ്ങൾ ആണ് മേപ്പടിയാനിലൂടെ പറയുന്നത്.
Comments