കോട്ടയം: ഷാർജയിൽ കൊറോണ ബാധിച്ച് മരിച്ച പാല പുതുമനയിൽ എലിസബത്ത് ജോസിന്റെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ച് സുരേഷ് ഗോപി എംപി. ഗർഭിണിയായിരുന്ന എലിസബത്തിന്റെ മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാൻ ശക്തമായ ഇടപെടൽ നടത്തിയ സുരേഷ് ഗോപിയെ ബന്ധുക്കൾ നന്ദി അറിയിച്ചു. പാർലമെന്റ് അംഗം എന്ന നിലയിലുള്ള കർത്തവ്യം മാത്രമാണ് താൻ നിർവ്വഹിച്ചതെന്ന് എംപി പറഞ്ഞു.
കൊറോണ മൂലം മരണപ്പെട്ടതിനാൽ എംബാം ചെയ്യുന്നതിന് തടസ്സം ഉണ്ടായപ്പോൾ എലിസബത്തിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് അനിശ്ചിതത്വത്തിലായി. പ്രശ്നത്തിൽ ഇടപെട്ട സുരേഷ് ഗോപി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെയും ആരോഗ്യമന്ത്രാലയത്തെയും ബന്ധപ്പെട്ട് നടത്തിയ നീക്കത്തെ തുടർന്നാണ് എലിസബത്തിന്റെ മൃതദേഹം നാട്ടിലെത്തിയത്. കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ മൃതദേഹം പാലാ കത്ത്രീഡലിലെ കുടുംബ സെമിത്തേരിയിൽ സംസ്കരിച്ചു.
കൊറോണ രണ്ടാം തരംഗത്തിന്റെ ഘട്ടത്തിൽ ആദ്യമായാണ് കൊറോണ പോസിറ്റീവായ മൃതദേഹം രാജ്യത്ത് എത്തിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യയുടെ പ്രത്യേക ഉത്തരവിലൂടെ ലഭിച്ച അനുമതി പ്രകാരമാണ് മൃതദേഹം എത്തിച്ചത്. സുരേഷ് ഗോപി എംപി നടത്തിയ ശ്രമമാണ് ഇക്കാര്യം സാധ്യമാക്കിയത്.
Comments