കൊച്ചി : അങ്കമാലിയിൽ കെ റെയിൽ പദ്ധതിയ്ക്കായി സ്ഥല പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. അങ്കമാലി എളവൂരിലും പുളിയനത്തുമാണ് സമരസമിതി അംഗങ്ങൾ ഉൾപ്പെടെയുള്ളവർ തടഞ്ഞത്. ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഉദ്യോഗസ്ഥർ മടങ്ങി.
കറുകുറ്റിയ്ക്കടുത്ത് എളവൂർ പാറക്കടവിലൂടെയും പുളിയനത്തും കൂടിയാണ് നിർദ്ദിഷ്ട കെ-റെയിൽ പാത. പാത കടന്നു പോകുന്നിടത്ത് കുറ്റികൾ നാട്ടാനുള്ള സ്ഥല പരിശോധനയ്ക്കായ് നാല് കെ റെയിൽ ഉദ്യോഗസ്ഥരാണ് എത്തിയത്. എന്നാൽ പരിശോധന അനുവദിക്കില്ലെന്ന് നിലപാടെടുത്ത് നാട്ടുകാർ തടഞ്ഞു. ഇതോടെ ഉദ്യോഗസ്ഥർ മടങ്ങി.
എളവൂർ പാറക്കടവിൽ ജനവാസ-കാർഷിക മേഖലയിലൂടെ കടന്ന് പോകുന്ന കെ-റെയിൽ പദ്ധതി അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് നാട്ടുകാർ. കെ റെയിൽ പദ്ധതിയ്ക്കെതിരെ നാട്ടുകാർ സമര സമിതി രൂപീകരിച്ചിട്ടുണ്ട്. തുടർ പരിശോധനയ്ക്കോ സ്ഥലം അടയാളപ്പെടുത്താനുള്ള കുറ്റികൾ നാട്ടാനോ ഉദ്യോഗസ്ഥർ വീണ്ടുമെത്തിയാൽ ഇനിയും തടയുമെന്ന നിലപാടിലാണ് സമര സമിതി.
Comments