കൊച്ചി: ബിബിൻ ജോർജ് നായകനാകുന്ന ചിത്രം ‘തിരിമാലി’യുടെ ലിറിക്കൽ വീഡിയോ പുറത്ത്. കാതങ്ങളായി പോകുന്നിതാ എന്ന ഗാനത്തിന്റെ വീഡിയോ നടൻ മമ്മൂട്ടി അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്. ഹരിശങ്കർ ആലപിച്ച ഗാനത്തിന് ശ്രീജിത്ത് ഇടവനയാണ് സംഗീതം നൽകിയിരിക്കുന്നത്. മാദ്ധ്യമപ്രവർത്തകനായ വിവേക് മുഴക്കുന്ന് ആദ്യമായി ഗാനരചന നിർവഹിക്കുന്ന ചിത്രമാണിത്.
മമ്മൂട്ടി ലിറിക്കൽ വീഡിയോ റിലീസ് ചെയ്തതിന് പിന്നാലെ, സണ്ണി വെയ്ൻ, ഹരീഷ് പേരടി, ഇർഷാദ് അലി, കുഞ്ചാക്കോ ബോബൻ, മേജർ രവി, സംവിധായകൻ വിനയൻ എന്നിവർ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചു. നേപ്പാൾ പഞ്ചാത്തലമാക്കി ഒരുങ്ങുന്ന കോമഡി ചിത്രമാണ് തിരിമാലി. റാഫിയുടെ ശിഷ്യനായ രാജീവ് ഷെട്ടിയാണ് ചിത്രത്തിന്റെ സംവിധായകൻ.
ശിക്കാരി ശംഭു എന്ന ചിത്രത്തിന് ശേഷം എസ്.കെ ലോറൻസ് നിർമ്മിക്കുന്ന ചിത്രമാണ് തിരിമാലി. ബേബി എന്ന ലോട്ടറി കച്ചവടക്കാരന്റെ വേഷത്തിലാണ് ബിബിൻ ജോർജ് എത്തുന്നത്. അന്ന രേഷ്മ രാജനാണ് ചിത്രത്തിലെ നായിക.
Comments